സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില താഴേക്ക്. ഗ്രാമിന് 90 രൂപ കുറഞ്ഞ് 8310 രൂപയിലേക്ക് എത്തി. പവന് 720 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് വില 66,480 രൂപയായി. അതിവേഗത്തിലാണ് സ്വര്‍ണവിപണി കൂപ്പുകുത്തുന്നത്. രണ്ടു ദിവസം കൊണ്ട് പവന് 2000 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
ട്രംപിൻ്റെ പകരച്ചുങ്കം മൂലം വിപണികളിലുണ്ടായ മാറ്റങ്ങളാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്. ജനുവരി 22 ന് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നു. ശേഷം മാർച്ച് 18 ന് സ്വര്‍ണവില ആദ്യമായി 66,000 എത്തി. ഓഹരി വിപണി തുടര്‍ച്ചയായി ഇടിയുകയും ഡോളറിന്റെ മൂല്യം കുറയുകയും ചെയ്താല്‍ സ്വര്‍ണവില കൂടാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാൽ, അമേരിക്കന്‍ ധനകാര്യസ്ഥാപനമായ മോണിങ്സ്റ്ററിലെ മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റായ ജോണ്‍ മില്‍സ് സ്വര്‍ണത്തിന്റെ വില 38 ശതമാനത്തോളം കുറയുമെന്നും പറഞ്ഞിരുന്നു. സ്വര്‍ണ്ണം ഔണ്‍സിന് 1,820 ഡോളറായി കുറയുമെന്നാണ് ജോണിന്റെ പ്രവചനം.