ബഹിരാകാശ രംഗത്തെ സ്റ്റാർട്ടപ്പുകളിൽ കേന്ദ്രസർക്കാർ നിക്ഷേപം നടത്താനൊരുങ്ങുന്നു. സ്പേസ് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനായി 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപ്പിറ്റൽ (വിസി) ഫണ്ട് രൂപീകരിക്കുന്നതിന് കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി. കേന്ദ്ര ബഹിരാകാശ വകുപ്പിനു കീഴിലുള്ള ഏജൻസിയായ ‘ഇൻ–സ്പേസ്’ ആണ് പദ്ധതി ഏകോപിപ്പിക്കുക.
5 വർഷത്തിനിടെ നാൽപതോളം സ്റ്റാർട്ടപ്പുകളിൽ ഈ ഫണ്ട് നിക്ഷേപം നടത്തും. ഒരു വർഷം ഏകദേശം 150 മുതൽ 250 കോടി രൂപയായിരിക്കും ഇതിനായി ഉപയോഗിക്കുക. ഒരു സ്റ്റാർട്ടപ്പിൽ 10 മുതൽ 60 കോടി രൂപ വരെ നിക്ഷേപിക്കാം.
വളർച്ചാഘട്ടത്തിലുള്ള കമ്പനികൾക്ക് 10 മുതൽ 30 കോടി രൂപയും കൂടുതൽ വളർച്ച കൈവരിച്ച കമ്പനികൾക്ക് 30 മുതൽ 60 കോടി രൂപയും നിക്ഷേപമായി ലഭിക്കാം.നിക്ഷേപത്തിന് തത്തുല്യമായ ഓഹരി സർക്കാരിനു ലഭിക്കും. എസ്ബിഐ, ദേശീയ ചെറുകിട വ്യവസായ ബാങ്ക് (സിഡ്ബി) പോലെയുള്ള പ്രഫഷനൽ ഫണ്ട് മാനേജർമാരിൽ ആരെങ്കിലുമായിരിക്കും സർക്കാരിനു വേണ്ടി വിസി ഫണ്ട് കൈകാര്യം ചെയ്യുക. സ്പേസ് കമ്പനികളെ ഇന്ത്യയിൽ തന്നെ നിലനിർത്തുകയെന്ന ലക്ഷ്യം പദ്ധതിക്കുണ്ട്.