നാരുകളും ശക്തിയേറിയ ആന്റിഓക്സിഡന്റുകളും അടങ്ങിയ അത്തിപ്പഴം പ്രഭാതഭക്ഷണത്തോടൊപ്പമോ ലഘുഭക്ഷണത്തോടൊപ്പമോ കഴിക്കുന്നത് വളരെയധികം നല്ലതാണ്.
തുടർച്ചയായി അസിഡിറ്റി, മലബന്ധം, ഉദരപ്രശ്നങ്ങൾ ഇവ മൂലം വിഷമിക്കുന്ന ആളാണെങ്കിൽ ഭക്ഷ്യനാരുകൾ ധാരാളം അടങ്ങിയ അത്തിപ്പഴം കഴിച്ചു തുടങ്ങാം. ഇത് ദഹനത്തിന് സഹായകമാണ്. അതുപോലെ അത്തിപ്പഴത്തിലടങ്ങിയ ആന്റിഓക്സിഡന്റുകൾ, ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. അത്തിപ്പഴത്തിലുള്ള പൊട്ടാസ്യം, രക്തസമ്മർദം നിയന്ത്രിക്കുകയും ഇതിലൂടെ ഹൃദ്രോഗസാധ്യത കുറയുകയും ചെയ്യുന്നു.
ഫ്രഷ് ആയ അത്തിപ്പഴം ചെറിയ അളവിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. കാരണം മധുരമുണ്ടെങ്കിലും അത്തിപ്പഴത്തിന് ഗ്ലൈസെമിക് ഇൻഡക്സ് മിതമായ അളവിലേ ഉള്ളൂ. അതുപോലെ കാല്‍സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ അത്തിപ്പഴത്തിൽ ധാരാളമുണ്ട്. ഇവ എല്ലുകൾക്ക് സാന്ദ്രതയും ശക്തിയും നൽകുന്നു. പതിവായി അത്തിപ്പഴം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഓസ്റ്റിയോപോറോസിസിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ആന്റിഓക്സിഡന്റുകളും ആവശ്യ വൈറ്റമിനുകളും ധാരാളം അടങ്ങിയ അത്തിപ്പഴം രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ സഹായിക്കും. ഉണക്കിയ അത്തിപ്പഴത്തിൽ അയൺ, സിങ്ക് ഇവ ധാരാളമുണ്ട്. ഇവ രോഗപ്രതിരോധശക്തി വർധിപ്പിക്കും.