ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ കേരള സ്റ്റാർട്ടപ്പാണ്
ലോകത്തെ ഏറ്റവും വലിയ ടെക്നോളജി മേളകളിലൊന്നായ ദുബൈ ജൈടെക്സ് ആഗോള ടെക് എക്സിബിഷന്റെ ഔദ്യോഗിക മീഡിയ പാർട്ണറായി കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പ് പ്രീമാജിക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പ് ജൈടെക്സ് മേളയുടെ പ്രധാന പങ്കാളിയാകുന്നത്.
ഒക്ടോബർ 15 മുതൽ 20 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് 43-ാമത് ജൈടെക്സ് മേള അരങ്ങേറുന്നത്. ജൈടെക്സിന് അനുബന്ധമായി നടക്കുന്ന എക്സ്പാൻഡ് നോർത്ത് സ്റ്റാർ എന്ന സ്റ്റാർട്ടപ്പ് മേളയിലും പ്രീമാജിക്ക് പ്രധാന പങ്കാളിയാണ് .
മേളയ്ക്കെത്തുന്നവരുടെ ഫോട്ടോ തത്സമയം അവരുടെ മൊബൈൽ ഫോണിലേക്ക് എത്തിക്കുന്ന നിർമിത ബുദ്ധി (എ.ഐ) അടിസ്ഥാനമാക്കിയുള്ള പ്രീമാജിക്കിന്റെ സാങ്കേതികവിദ്യയാണ് ജൈടെക്സ് സംഘാടകരുടെ ശ്രദ്ധനേടിയത്. തത്സമയം ഫോട്ടോകൾ ലഭിക്കുന്നതിലൂടെ വ്യക്തികൾ അവരുടെ ഓൺലൈൻ പ്ലാറ്റുഫോമുകളിലേക്ക് ഈ ഫോട്ടോകൾ ഷെയർ ചെയ്യുന്നത് വഴി സ്വഭാവികവും വിശ്വാസയോഗ്യവുമായ യൂസർ ജനറേറ്റഡ് ഉള്ളടക്കങ്ങൾ സൃഷ്ടിക്കപ്പെടുന്നു. പ്രീമാജിക്കിന്റെ ഈ സാങ്കേതികവിദ്യ ഇവന്റ് മാർക്കറ്റിംഗിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്.
കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് ലഭിച്ച ആഗോള അംഗീകാരമായാണ് ഈ നേട്ടത്തെ കാണുന്നതെന്ന് പ്രീമാജിക് സി.ഇ.ഒ അനൂപ് മോഹൻ പറഞ്ഞു. “നമ്മുടെ സ്റ്റാർട്ടപ്പുകൾക്ക് ആഗോള തലത്തിൽ കൂടുതൽ ശ്രദ്ധ ലഭിക്കാൻ ഈ നേട്ടം കാരണമാകും. ഗൾഫ് മേഖലയിലേക്ക് പ്രവർത്തനം വിപുലീകരിക്കാനുള്ള മികച്ച അവസരമായാണ് ഇതിനെ കാണുന്നത് അനൂപ് മോഹൻ പറഞ്ഞു.