തമിഴ്നാട്ടിലെ പ്രധാന മാധ്യമസ്ഥാപനമായ സൺ ടി.വി നെറ്റ്വർക്കിന്റെ ഉടമസ്ഥതയെ ചൊല്ലി മാരൻ സഹോദരങ്ങൾക്കിടയിൽ തർക്കം. സൺ ടി.വി ചെയർമാനും മാനേജിങ് ഡയറക്ടറുമായ കലാനിധി മാരനെതിരെ, സഹോദരനായ ദയാനിധി മാരൻ വക്കീൽ നോട്ടീസ് നൽകിയതായാണ് വിവരം. 24,000 കോടി രൂപ മൂല്യമുള്ള സൺ ഗ്രൂപ്പിന്റെ നിയന്ത്രണം വഞ്ചനയിലൂടെ കലാനിധി മാരൻ ഏറ്റെടുത്തെന്നാണ് ദയാനിധി ആരോപിക്കുന്നത്.
പ്രധാനമായി, 2003 സെപ്തംബറിൽ നടന്ന ഷെയർ അലോട്മെന്റിൽ ചതി നടന്നതായി ദയാനിധി മാരൻ പറയുന്നു. അനുമതിയില്ലാതെ കലാനിധി മാരൻ 1.2 മില്യൺ ഓഹരികൾ സ്വന്തമാക്കിയെന്നും ആ സമയത്തെ മൂല്യത്തിൽ ഏകദേശം 3,500 കോടി രൂപയുടെ ഓഹരി ഏറ്റെടുത്തെന്നും ആരോപണത്തിൽ പറയുന്നു. ഇതിലൂടെ സൺ ടി.വി-യിൽ 60% ഓഹരി പങ്കാളിത്തം കൈവശമാക്കി ആസ്തി നിയന്ത്രണം കയ്യിലാക്കിയെന്നുമാണ് ആരോപണം. മറ്റുള്ള ഓഹരിയുടമകളുടെ പങ്ക് ഡയല്യൂട്ട് ചെയ്തതായും വക്കീൽ നോട്ടീസിൽ പറയുന്നു.
കൂടാതെ, 2023 വരെ ഡിവിഡന്റും മറ്റ് സാമ്പത്തിക നേട്ടങ്ങളും ഉൾപ്പെടെ കലാനിധി ഏകദേശം 5,926 കോടി രൂപയും 2024-ൽ മാത്രം 455 കോടി രൂപയും സ്വന്തമാക്കിയതായും ആരോപിക്കുന്ന്. സൺ പിക്ചേഴ്സ്, സൺ ഡയറക്ട് ടി.വി, സൗത്ത് ഏഷ്യൻ എഫ്.എം, സൺറൈസേഴ്സ് ഹൈദരാബാദ്, കുങ്കുമം പബ്ലിക്കേഷൻസ് തുടങ്ങി പല ലാഭകരമായ ബിസിനസുകളും ഏറ്റെടുത്തതിനെതതിരെയും ദയാനിധി മാരൻ രംഗത്തെത്തിയിട്ടുണ്ട്.
2003 മുതൽ സമ്പാദിച്ച എല്ലാ ഓഹരികളും ആസ്തികളും യഥാർത്ഥ ഓഹരിയുടമകൾക്ക് ഏഴ് ദിവസത്തിനകം തിരിച്ചുനൽകണമെന്നതാണ് ദയാനിധി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, ബിസിസിഐ, സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് എന്നിവയിലൂടെയും നിയമനടപടികൾ തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ഈ തർക്കം കോടതിയിലെത്തിയാൽ മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ കുടുംബത്തെയും രാഷ്ട്രീയ മേഖലകളെയും ബാധിച്ചേക്കുമെന്നും സൂചനയുണ്ട്.