കണ്ട്ല തുറമുഖത്ത് ചരക്കുകൾ ഇറക്കാൻ തിരക്ക്. ചരക്ക് കപ്പലുകൾ തുറമുഖത്ത് ദിവസങ്ങളോളം കാത്തിരിക്കുന്നു. ഇന്തോനേഷ്യയിൽ നിന്നുള്ള അസംസ്കൃത പാം ഓയിൽ വഹിക്കുന്ന നിരവധി കപ്പലുകൾ കണ്ട്ല തുറമുഖത്ത് ചരക്കുകൾ ഇറക്കുന്നതിനായി കാത്തിരിക്കുകയാണ്. അതിനാൽ, പ്രാദേശിക വിപണികളിൽ ഭക്ഷ്യ എണ്ണയുടെ ക്ഷാമവും വിതരണ തടസ്സവും ഉണ്ടാകുമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകി.
സോൾവന്റ് എക്സ്ട്രാക്റ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (SEA) സർക്കാരിന് അയച്ച കത്തുകളിൽ, 45,000 ടൺ ശേഷിയുള്ള രണ്ട് കപ്പലുകൾ മാത്രമാണ് നിലവിൽ ചരക്കുകൾ ഇറക്കുന്നതെന്നും 157,000 ടൺ വഹിക്കുന്ന എട്ട് കപ്പലുകൾ വരെ ബെർത്തുകൾക്കായി കാത്തിരിക്കുകയാണെന്നും പറയുന്നു. 159,000 ടൺ മൊത്തം ശേഷിയുള്ള അഞ്ച് കപ്പലുകൾ കൂടി അടുത്ത ആഴ്ചയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ തിരക്ക് കൂടാൻ സാധ്യതയേറെയാണ്.
ഇന്ത്യയിൽ പ്രതിമാസം ശരാശരി 750,000 ടൺ പാം ഓയിൽ ഇറക്കുമതി ചെയ്യുന്നു. പ്രധാന തുറമുഖമായ കണ്ട്ല, പാശ്ചാത്യ രാജ്യങ്ങളിലേക്കും വടക്കൻ ഇന്ത്യയിലേക്കും പാമോയിൽ വിതരണം ചെയ്യുന്നു. കഴിഞ്ഞ മാസത്തെ തീരുവ ഇളവിന്റെ പശ്ചാത്തലത്തിൽ കപ്പലുകളുടെ വരവ് കുതിച്ചുയരുകയാണ്. ഈ തിരക്ക് നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്ന് ദീൻദയാൽ പോർട്ട് അതോറിറ്റി ചെയർമാൻ സുശീൽ കുമാർ സിംഗ് പറഞ്ഞു. ഇപ്പോൾ ആറ് ഭക്ഷ്യ എണ്ണ കപ്പലുകളും ആറ് കെമിക്കൽ കപ്പലുകളും തുറമുഖത്തിനു പുറത്ത് നങ്കൂരമിട്ട് കാത്തിരിക്കുകയാണ്. ശരാശരി 8–10 ദിവസം വരെയാണ് കപ്പലുകൾ കാത്തിരിക്കേണ്ടി വരുന്നത്.
പാം ഓയിൽ വിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നുണ്ട്. വില കുറയുമ്പോൾ വ്യാപാരികൾ സാധാരണയായി വാങ്ങലുകൾ വർദ്ധിപ്പിക്കാറുമുണ്ട്. കഴിഞ്ഞ മാസം, ഇന്ത്യയുടെ പാം ഓയിൽ ഇറക്കുമതി ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. ആഭ്യന്തര ഇൻവെന്ററി കുറവും സോയാബീൻ, സൂര്യകാന്തി എണ്ണകളുമായി താരതമ്യപ്പെടുത്തുമ്പോൾ അനുകൂലമായ വില അന്തരവും ഇതിന് കാരണമായതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അതേസമയം, ഡെമറേജ് ചാർജ് വർധിക്കുകയും, ഇടപാടുകാർക്കുള്ള ചെലവുകൾ ഉയരുകയും ചെയ്യും. കപ്പൽ പിൻവലിക്കപ്പെട്ടാൽ, വീണ്ടും നങ്കൂരമിടാൻ മൂന്നുദിവസത്തെ ഇടവേള വേണ്ടിവരുന്നതു കൊണ്ടും സ്ഥിതി കൂടുതൽ വഷളാകുന്നു.
ഈ കാലതാമസം വിതരണ ശൃംഖലയെ തകർക്കുന്നതോടെ, ഡെമറേജ് അടക്കം വലിയ ചെലവുകൾ വ്യാപാരികളെയും ഉപഭോക്താക്കളെയും ബാധിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ തുറമുഖ സംവിധാനങ്ങൾ കൂടുതൽ സ്മാർട്ട് ആക്കണമെന്നും, കയറ്റുമതി നിറവേറ്റുന്നതിനുള്ള കഴിവുകൾ മെച്ചപ്പെടുത്തണമെന്നും എസ്ഇഎ ആവശ്യപ്പെടുന്നു.
2024 നവംബർ മുതൽ 2025 മെയ് വരെ സസ്യ എണ്ണയുടെ മൊത്തം ഇറക്കുമതി 7.88 മില്ല്യൺ ടണ്ണായി, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ അപേക്ഷിച്ച് 9 ശതമാനം കുറവാണെന്ന് എസ്ഇഎ കണക്കുകള് വ്യക്തമാക്കുന്നു.