വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രകൃതിദത്ത റബ്ബർ കൃഷിയുടെ വ്യാപനം ഫലപ്രദമായി തുടരുകയാണ്. കേന്ദ്രസർക്കാരിന്റെയും വ്യവസായ തല നേതൃത്വത്തിന്റെയും ഇടപെടലുകൾ ഈ മേഖലയിൽ പ്രകടമായ വളർച്ചയ്ക്ക് വഴിയൊരുക്കിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2013-14 ൽ 7.8 ശതമാനമായിരുന്ന ത്രിപുര, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ മൊത്തം റബ്ബർ ഉത്പാദന വിഹിതം 2023-24-ൽ ഇരട്ടിച്ച് 17.5 ശതമാനമായിട്ടുണ്ട്. അതേസമയം, കേരളത്തിൽ ഇതേ കാലയളവിൽ ഉത്പാദനം 6.5 ലക്ഷം ടണ്ണിൽ നിന്ന് 6.1 ലക്ഷം ടണ്ണായി കുറഞ്ഞിട്ടുണ്ട്.
ത്രിപുരയിൽ റബ്ബർ ഉത്പാദനം 10 വർഷത്തിനിടെ 39,000 ടണ്ണിൽ നിന്ന് 91,500 ടണ്ണായി ഉയർന്നതായി ഓൾ ഇന്ത്യ റബ്ബർ ഇൻഡസ്ട്രീസ് അസോസിയേഷൻ രേഖപ്പെടുത്തുന്നു. അസമിൽ, ഉത്പാദനം 13,600 ടണ്ണിൽ നിന്ന് 46,500 ടണ്ണായി ഉയർന്നപ്പോഴാണ് മേഘാലയയിൽ അത് 7,570 ടണ്ണിൽ നിന്ന് 11,775 ടണ്ണായി ഉയർന്നു.
ഇന്ത്യയുടെ ആകെ പ്രകൃതിദത്ത റബ്ബർ ഉത്പാദനം ഏകദേശം 8.5 ലക്ഷം ടണ്ണാണ്. അതിൽ ഏകദേശം 1.5 ലക്ഷം ടണ്ണാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളത്. ഇന്ത്യയുടെ മൊത്തം റബ്ബർ ആവശ്യകത 14.5 ലക്ഷം ടൺ ആയതിനാൽ, ടയർ കമ്പനികൾ അധിക സ്രോതസ്സുകൾക്കായി വടക്കുകിഴക്കൻ മേഖലയിലേക്ക് തിരിയുകയാണ്. കേരളത്തിലെ ഉത്പാദനം പരമാവധി നിലവാരത്തിലെത്തിയ സാഹചര്യത്തിൽ, പുതിയ വളർച്ചയ്ക്ക് വടക്കുകിഴക്കൻ മേഖല വലിയ സാധ്യതകളുമായി മുന്നോട്ടുപോകുന്നുവെന്ന് ഓൾ ഇന്ത്യ റബ്ബർ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് ശശി സിംഗ് പറഞ്ഞു.
ത്രിപുരയിലും അസമിലുമായി റബ്ബർ ഉത്പാദനത്തിന്റെ ഗുണനിലവാരത്തിലും പുരോഗതികൾ ഉണ്ടായിട്ടുണ്ട്. ഇതാണ് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ ഉയർന്ന സ്വീകാര്യതക്ക് കാരണമാകുന്നതെന്ന് അപ്പോളോ ടയർ പ്രസിഡന്റായ സുനം സർക്കാർ പറയുന്നു.
തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും കൃഷിഭൂമി വൈവിധ്യമാർന്ന രീതിയിൽ വിനിയോഗിക്കുകയുമാണ് ഈ വ്യാപനത്തിന്റെ ഭാഗമെന്നും ജെ.കെ ടയർ മാനേജിംഗ് ഡയറക്ടർ അൻഷുമാൻ സിംഘാനിയ പറഞ്ഞു. ഇതിനോടൊപ്പം, തങ്ങളുടെ വാങ്ങൽ വടക്കുകിഴക്കൻ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2 ലക്ഷം ഹെക്ടറാണ് പദ്ധതി ലക്ഷ്യമിട്ടിരുന്ന വ്യാപ്തിയെങ്കിലും ഇപ്പോൾ വരെയുള്ള അഞ്ച് വർഷത്തിനുള്ളിൽ 70,000 മുതൽ 75,000 ഹെക്ടർ വരെ ഉപയോഗത്തിലാണ് എത്താനായത്.
ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ്റെ (എടിഎംഎ) റിപ്പോർട്ടിൽ ‘ഇൻറോഡ്’ എന്ന കേന്ദ്രപദ്ധതിയുടെ ഭാഗമായി 2022 മുതൽ 2025 വരെയുള്ള നാലുവർഷങ്ങളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 94 ജില്ലകളിലും പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങളിലുമായി 1.25 ലക്ഷം ഹെക്ടറിൽ പുതിയ റബ്ബർ തോട്ടങ്ങൾ സ്ഥാപിക്കപ്പെട്ടു. ഈ നീക്കങ്ങൾ രാജ്യത്തെ റബ്ബർ കൃഷിയെ ഭൂപ്രകൃതിയിൽ വൈവിധ്യമുള്ളതാക്കി മാറ്റുകയും പുതിയ വ്യവസായ സാധ്യതകൾ തുറക്കുകയും ചെയ്യുന്നതിലേക്ക് എത്തിക്കുന്നു.