മനുഷ്യ മസ്തിഷ്കവും ഇലക്ട്രോണിക്സുമായി ബന്ധിപ്പിക്കുന്ന സാങ്കേതികമേഖലയിൽ ഇലോൺ മസ്കിന്റെ ന്യൂറലിങ്ക് കമ്പനിക്ക് വൻ മത്സരമൊരുക്കി എതിരാളി. ബ്രെയിൻ ചിപ് സ്റ്റാർട്ടപ്പായ സിങ്ക്രോൺ വൻരീതിയിലുള്ള ക്ലിനിക്കൽ പരീക്ഷണം സംഘടിപ്പിക്കാനൊരുങ്ങുകയാണ്. ഇതിനായി ആളുകളെയും വൈദ്യശാസ്ത്ര വിദഗ്ധരെയും കമ്പനി റിക്രൂട്ട് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫേസ് അഥവാ ബിസിഐ എന്നാണ് സങ്കീർണമായ ഈ സാങ്കേതികമേഖല അറിയപ്പെടുന്നത്.ഈ രംഗത്തെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ് ഇലോൺ മസ്കിന്റെ കമ്പനിയായ ന്യൂറലിങ്ക് ഈ വർഷം നടത്തിയത്. തലച്ചോറിൽ സ്ഥാപിച്ച സവിശേഷ ഇംപ്ലാന്റ് വഴി വയർലെസ് രീതിയിൽ കംപ്യൂട്ടർ പ്രവർത്തിപ്പിക്കാൻ ന്യൂറലിങ്കിനായി.
29 വയസ്സുകാരനായ നോളണ്ട് ആർബോഗ് എന്ന മുൻ യുഎസ് ഡൈവിങ് താരം തലച്ചോർ ഉപയോഗിച്ച് കംപ്യൂട്ടർ കഴ്സറിനെ നിയന്ത്രിച്ചു. 8 വർഷങ്ങൾക്കു മുൻപ് അപകടത്തെത്തുടർന്ന് ശരീരം തളർന്ന ആർബോഗ് തന്റെ തലച്ചോറിനാൽ എട്ടുമണിക്കൂറാണു ചെസ് കളിച്ചത്. ടെലിപ്പതി എന്നാണ് മസ്ക് ഈ സാങ്കേതികവിദ്യാപദ്ധതിക്ക് പേരു നൽകിയിരിക്കുന്നത്.
തലച്ചോറിൽ ശസ്ത്രക്രിയയിലൂടെ ഇംപ്ലാന്റുകൾ സ്ഥാപിച്ച് ന്യൂറോണുകളെ വിലയിരുത്തുന്ന രീതിയാണ് ഇൻവേസീവ് ഗണത്തിൽ വരുന്നത്. ഇത് വയേഡ് രീതിയിലോ വയർലെസ് രീതിയിലോ കംപ്യൂട്ടർ സംവിധാനവുമായി ബന്ധിപ്പിക്കും. വയർലെസ് രീതിയാണ് ന്യൂറലിങ്ക് അവലംബിച്ചത് (അതായിരുന്നു അതിന്റെ പ്രാധാന്യവും) . നോൺ ഇൻവേസീവ് രീതിയിൽ രീതിയിൽ ശസ്ത്രക്രിയകളില്ല. തലയിൽ ധരിച്ചിരിക്കുന്ന ഇൻഫ്രാറെഡ് ഉപകരണങ്ങളിൽ നിന്നുള്ള സിഗ്നലുകളാണ് ഇതിൽ ലഭിക്കുന്നത്. ഇൻവേസീവ് രീതിയുടെ അത്ര ഫലപ്രദമല്ല ഇത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായം ഇതിൽ വിവരശേഖരണത്തിന് വേണ്ടിവരും.
മനുഷ്യന്റെ സ്വകാര്യതയിലുള്ള ഏറ്റവും വലിയ കടന്നുകയറ്റമായിരിക്കും ഇതെന്ന് വിമർശനമുണ്ട്. കുറേക്കാലം കഴിഞ്ഞ് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി മനുഷ്യന്റെ തലച്ചോറിനെ ബന്ധിപ്പിക്കാൻ ന്യൂറലിങ്കിന് പ്ലാനുണ്ടെന്ന് ഇലോൺ മസ്ക് ഇടയ്ക്ക് പറഞ്ഞത് ഇതുമായി ചേർത്തുവയ്ക്കപ്പെടുന്നു.നമ്മുടെ ചിന്താരീതികളൊക്കെ മെഷീനുകൾ മനസ്സിലാക്കിയാൽ അവ മനുഷ്യനുമേൽ മെഷീനുകൾ ആധിപത്യം നേടുന്ന സൂപ്പർ ഇന്റലിജൻസിനു വഴിവയ്ക്കുമെന്നു ചില ഗവേഷകർ പറയുന്നു.