ഇറാൻ മേഖലയിലെ യുദ്ധാന്തരീക്ഷം ഇന്ത്യയുടെ ഇറക്കുമതിയെയും വ്യാപാര ബന്ധങ്ങളെയും ഗുരുതരമായി ബാധിക്കുകയാണ്. ഈന്തപ്പഴം, മമ്ര ബദാം, പിസ്ത തുടങ്ങിയ പ്രധാന ഡ്രൈ ഫ്രൂട്ടുകൾ ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നത് താൽക്കാലികമായി സ്തംഭിച്ചിരിക്കുകയാണ്. ഇതിൻ്റെ പ്രതിഫലനമായി ഡൽഹിയിലെ മൊത്തവിപണികളിൽ ഡ്രൈ ഫ്രൂട്ടുകളുടെ വില അഞ്ച് മുതൽ പത്ത് മടങ്ങ് വരെ വർധിച്ചു. റീട്ടെയിൽ വിപണിയിൽ വിലക്കയറ്റം ഇതിലും ഉയരാനാണ് സാധ്യത.
ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉണക്കമുന്തിരി, വാല്‍നട്ട്, ബദാം, അത്തിപ്പഴം, ആപ്രിക്കോട്ട് തുടങ്ങിയ ഫ്രൈ ഫ്രൂട്ട്സ് പാകിസ്ഥാന് വഴിയാണ് ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ, ഇക്കഴിഞ്ഞ ഇന്ത്യാ-പാക് സംഘർഷത്തിനുശേഷം ഇന്ത്യ പാകിസ്ഥാൻ വഴിയുള്ള എല്ലാ വ്യാപാര ബന്ധങ്ങളും വിച്ഛേദിച്ചു.
ഇറാൻ-ഇസ്രായേൽ സംഘർഷം, ഇറാനിലെ ചബഹാർ തുറമുഖം വഴി ഇന്ത്യയിലേക്ക് എത്തിച്ചിരുന്ന ചരക്കുകളെ പ്രതികൂലമായി ബാധിച്ചു. അതിനാൽ, നിലവിലെ യുദ്ധസാഹചാര്യത്തിൽ ഇറാനിയൻ ഡ്രൈ ഫ്രൂട്ട്സ് ആദ്യം അഫ്ഗാനിലേക്ക്, അവിടെ നിന്ന് ദുബായ് വഴി ഇന്ത്യയിലേക്കെന്ന രീതിയിലാണ് എത്തുന്നത്. ഇതിലൂടെ ചെലവ് കൂടുന്നതിനാൽ വിലയും ഉയരുകയാണ്. നിലവിൽ ദുബായ് ഇന്ത്യയുടെ വ്യാപാര ഭൂപടത്തിൽ കേന്ദ്രകഥാപാത്രമായി മാറുകയാണ്. ഇന്ത്യയ്ക്കുള്ള ഉൽപ്പന്നങ്ങൾ ദുബായിലെ വെയർഹൗസുകളിലേക്കാണ് എത്തുന്നത്, അവിടെനിന്ന് പുനർകയറ്റുമതിയിലൂടെ മാർക്കറ്റിലേക്ക്.
ഈ സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം, ഇന്ത്യ ഇറാനിലേക്ക് 130 ദശലക്ഷം ഡോളറിന്റെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തു. 43 ദശലക്ഷം ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതിയും ചെയ്തു. 2024നെ അപേക്ഷിച്ച് ഇന്ത്യ-ഇറാൻ വ്യാപാരത്തിൽ 47.1% വർധനയുണ്ടായി. എന്നാൽ ഇറാനിൽ നിന്നുള്ള ഇറക്കുമതിയിൽ 23.6% കുറവാണ് സംഭവിച്ചത്.
എന്നാൽ പ്രശ്നം ഡ്രൈ ഫ്രൂട്ട്സിലോ എണ്ണവിലയിലോ ഒതുങ്ങുന്നില്ല. ഉപ്പ്, പ്ലാസ്റ്റിക്, ഇരുമ്പ്, ഉരുക്ക്, ജൈവ രാസവസ്തുക്കൾ, പ്ലാസ്റ്റർ തുടങ്ങിയവയ്ക്കെല്ലാം ഇന്ത്യൻ വിപണിയിൽ പ്രത്യക്ഷ വിലക്കയറ്റത്തിന് വഴിയൊരുക്കാനാണ് സാധ്യത.