സ്റ്റീലിനും അലുമിനിയത്തിനും യുഎസ് ചുമത്തിയ തീരുവയ്ക്കെതിരെ ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യുടിഒ) ഇന്ത്യ നൽകിയ നോട്ടിസ് യുഎസ് തള്ളിയതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര പ്രശ്നം വീണ്ടും ചൂടുപിടിക്കുന്നു.
മേയ് ആദ്യവാരമാണ് യുഎസ് നടപടിക്കെതിരെ ‘പകരം തീരുവ’ ചുമത്തുമെന്ന് കാണിച്ച് ഇന്ത്യ ഡബ്ല്യുടിഒയിൽ നോട്ടിസ് നൽകിയത്. ഒരു മാസത്തിനകം പകരം തീരുവ ഏർപ്പെടുത്തുമെന്നാണ് അറിയിച്ചിരുന്നത്. ജൂൺ എട്ടിന് ഈ സമയപരിധി തീരാനിരിക്കെയാണ് ഇന്ത്യൻ നിലപാട് തള്ളി യുഎസ് കത്ത് നൽകിയത്.
വ്യാപാരചട്ടങ്ങൾക്ക് വിരുദ്ധമാണ് ഇന്ത്യയുടെ നീക്കമെന്നായിരുന്നു വാദം. ഇതിനിടെ സ്റ്റീൽ, അലുമിനിയം എന്നിവയുടെ തീരുവ നാളെ മുതൽ ഇരട്ടിയാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. തിരിച്ചടിയെന്ന നിലയിൽ ഇന്ത്യയിലേക്കു വരുന്ന തിരഞ്ഞെടുക്കപ്പെട്ട യുഎസ് ഉൽപന്നങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്തി തത്തുല്യമായ തുക ശേഖരിക്കാനായിരുന്നു ഇന്ത്യയുടെ നീക്കം.