10 വര്‍ഷം മുൻപ് അച്ഛൻ നടത്തിയിരുന്ന സോഡാ നിർമാണ യൂണിറ്റ് 6 ലക്ഷം മുടക്കി അഖിൽ പുതുക്കിയെടുക്കുകയായിരുന്നു. രണ്ടു ലക്ഷം രൂപയോളമാണ് പ്രതിമാസ ലാഭം. മൂന്നു പേർക്ക് തൊഴിലും നൽകുന്നു.
26 വയസ്സിനുള്ളിൽ നല്ലൊരു ബിസിനസ് കണ്ടെത്തി വിജയിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് അഖിൽ. എറണാകുളം കളമശ്ശേരി ഉദ്യോഗമണ്ഡലിൽ ‘റെയിൻബോ ഗോലി സോഡ’ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഈ യുവാവ്. ജീവിതം പ്രതിസന്ധിയിലായപ്പോൾ കൗമാരത്തിൽതന്നെ പല പണികൾ ചെയ്യേണ്ടി വന്നെങ്കിലും അവസാനം കണ്ടെത്തിയ ബിസിനസ് മികച്ച വിജയമാക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയുണ്ട് അഖിലിന്റെ വാക്കുകളിൽ.
5 വർഷം ഡെലിവറി ബോയ്
പ്ലസ് ടുവിനു ശേഷം സാമ്പത്തികപ്രശ്നങ്ങൾ മൂലം തുടർന്നു പഠിക്കുവാൻ കഴിഞ്ഞില്ല. നല്ലൊരു ഫുട്ബോൾ പ്ലെയറായിരുന്ന അഖിൽ സെവൻസ് ജില്ലാ ടീം അംഗമായിരുന്നു. സീസണുകളിൽ മാത്രമാണ് കളി എന്നതിനാൽ അതൊരു വരുമാനമാർഗമായി മാറിയില്ല.
അങ്ങനെയാണ് ഫുഡ് ഡെലിവറി ബോയിയാവുന്നത്. ദിവസവും 500–800 രൂപയാണു ലഭിച്ചിരുന്നത്. പെട്രോൾ ചെലവ് കഴിഞ്ഞാൽ മിച്ചം ഒന്നും കാണില്ല. അങ്ങനെയാണ് മറ്റെന്തെങ്കിലും ചെയ്യണമെന്ന ചിന്ത വന്നത്.
അച്ഛന്റെ ബിസിനസ്
10 വർഷം മുൻപ് അച്ഛൻ നടത്തിയിരുന്ന ഗോലി സോഡ യൂണിറ്റ് പുനരാരംഭിക്കാമെന്ന ചിന്തയാണ് ആദ്യം വന്നത്. അതിന്റെ സാധ്യതകളെക്കുറിച്ച് അന്വേഷണവും പഠനവും നടത്തി. വിപണിയിൽനിന്നു മികച്ച പ്രതികരണം ലഭിച്ചതോടെ സംരംഭം തുടങ്ങാൻ തീരുമാനിച്ചു.
ഗോലി സോഡ ഉൽപന്നങ്ങൾക്കു നല്ല ഡിമാൻഡുണ്ട്. മാത്രമല്ല, ഇപ്പോൾ ഇതു തികച്ചും സീസണൽഉൽപന്നമല്ലാതായിട്ടുമുണ്ട്. മഴക്കാലത്തും വിൽപനയിൽ വലിയ കുറവ് ഉണ്ടാകുന്നില്ല. ഏകദേശം 10 ലക്ഷം രൂപയുടേതാണ് പ്രതിമാസ കച്ചവടം. 20 ശതമാനത്തോളം അറ്റാദായവും ലഭിക്കുന്നു. ഫുഡ് ഡെലിവറി ചെയ്ത് ദിവസം 500–800 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഇന്ന് മാസം 2 ലക്ഷം രൂപയോളം ഈ യുവാവിന് സ്വന്തം സംരംഭത്തിലൂടെ നേടാൻകഴിയുന്നു. എല്ലാ പിന്തുണയുമായി ഭാര്യ റോസിക്കുട്ടി അൽഫോൻസും അഖിലിനൊപ്പമുണ്ട്.