ലോകത്ത് എത്ര കോടീശ്വരന്മാരുണ്ടാകുമെന്ന് എപ്പോഴെങ്കിലും അലോചിച്ചിട്ടുണ്ടോ..നിരവധി പേരുണ്ടാകുമെന്നായിരിക്കും ഉത്തരം അല്ലേ. എന്നാൽ അവരെങ്ങനെ കോടീശ്വരന്മാരായി എന്ന് ചിന്തിച്ചിട്ടുണ്ടോ..എല്ലാവർക്കും അവരവരുടേതായ കഥ പറയാനുണ്ടാകും. സ്വന്തം സാമ്രാജ്യം സ്വയം കെട്ടിപ്പൊക്കിയ, മറ്റുള്ളവർക്ക് പ്രചോദനം നൽകാൻ കരുത്തുള്ള വിജയഗാഥ.
ഒരിക്കലും മടുക്കാത്ത അർപ്പണ ബോധത്തിന്റേയും പരിശ്രമത്തിലൂടേയും വിജയം കൊയ്യുന്നവരുടെ ലോകത്ത് മികച്ച ഉദാഹരണമായി ലക്ഷ്മൻ ദാസ് മിത്തൽ എന്ന സംരംഭകനെ പരിചയപ്പെടുത്താം. ലക്ഷ്മൺ മിത്തൽ ദാസിന്റെ ജീവിതം പക്ഷെ അൽപ്പം വ്യത്യസ്തമാണ്. പരിശ്രമം നടത്താനും വിജയം നേടാനും പ്രായം ഒരു തടസമല്ല എന്ന് ഉറപ്പിക്കുന്ന ജീവിതം. പലരും വിരമിക്കാനും വിശ്രമ ജീവിതം നയിക്കാനും തിരഞ്ഞെടുക്കുന്ന പ്രായത്തിൽ തന്റെ ബിസിനസ്സ് യാത്ര ആരംഭിച്ച്, സൊണാലിക ഗ്രൂപ്പിന്റെ ചെയർമാ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ട്രാക്ടർ നിർമ്മാതാവായി.
1931ൽ പഞ്ചാബിലെ ഹോഷിയാർപൂരിലാണ് ലക്ഷ്മൺ മിത്തൽ ദാസിന്റെ ജനനം. പഠനത്തിൽ മിടിക്കനായിരുന്നു ലക്ഷ്മൺ. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം പഞ്ചാബ് സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് ആർട്ട്സ് പൂർത്തിയാക്കി. എംഎ ഇംഗ്ലീഷിൽ സ്വർണമെഡൽ നേടിയ അദ്ദേഹം 1955ൽ എൽഐസി ഏജന്റായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
തുടക്കത്തിൽ പാളിയ സംരഭം
ജോലിയിൽ തുടരുമ്പോഴും സംരംഭകനാകണം എന്ന ആഗ്രഹം മിത്തലിന്റെ മനസിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ കാർഷിക ഉപകരണങ്ങൾ വിൽക്കുന്ന ഒരു ചെറിയ ബിസിനസ് അദ്ദേഹം ജോലിയോടൊപ്പം ആരംഭിക്കുകയും തന്റെ സമ്പാദ്യം അതിനായി ചിലവഴിക്കുകയും ചെയ്തു. എന്നാൽ ബിസിനസ് പരാജയപ്പെടുകയും കയ്യിലുള്ള പണം നഷ്ടപ്പെടുകയും ചെയ്തു എന്നതായിരുന്നു മിച്ചം.
തളരാതെ വീണ്ടും പരിശ്രമം
ആദ്യ സംരംഭം പരാജയപ്പെട്ടെങ്കിലും തളരാൻ മിത്തൽ തയ്യാറായില്ല. ശമ്പളത്തിൽ നിന്നും വീണ്ടും ചെറിയ തുക നീക്കിവെക്കാൻ അദ്ദേഹം തീരുമാനിച്ചു. 1990-ൽ ഡെപ്യൂട്ടി സോണൽ മാനേജരായി വിരമിച്ച മിത്തൽ ട്രാക്ടറുകൾ നിർമ്മിക്കുന്നതിനായി സോണാലിക ട്രാക്ടറുകൾ എന്ന കമ്പനി സ്ഥാപിച്ചു. 1996ലാണ് മിത്തൽ സോണാലിക ട്രാക്ടറുകൾ എന്ന സ്വന്തം കമ്പനി സ്ഥാപിച്ചത്.
സോണാലിക എന്ന വിശ്വാസം
ഗുണമേന്മയിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത സോണാലിക ട്രാക്ടറുകൾ പതിയെ പതിയെ കർഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കമ്പനിയായി മാറി. പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വയലോരങ്ങളിൽ സോണായില ട്രാക്ടറുകൾ പുകതുപ്പി പാഞ്ഞു നടന്നു. പിന്നെ ലക്ഷ്മൺ മിത്തൽ ദാസിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
120 രാജ്യങ്ങളിലെ സാമ്രാജ്യം
പഞ്ചാബിലെ ഹോഷിയാർപൂരിൽ സോണാലിക ട്രാക്ടറിന് ഇന്ന് വലിയ നിർമ്മാണ പ്ലാന്റുണ്ട്. അതോടൊപ്പം അഞ്ച് രാജ്യങ്ങളിലായി അഞ്ച് ട്രാക്ടർ നിർമ്മാണ പ്ലാന്റുകൾ.
സോണാലിക ട്രാക്ടറിന്റെ ബിസിനസ് സാമ്രാജ്യം ഇന്ന് 120 രാജ്യങ്ങളിലായി പടർന്ന് പന്തലിച്ച് കിടക്കുന്നു. വിപണി വിഹിതമനുസരിച്ച് ഇന്ത്യയിലെ മൂന്നാമത്തെ വലിയ ട്രാക്ടർ നിർമ്മാണ കമ്പനിയാണ് സോണാലിക ട്രാക്ടർ കമ്പനി.
2013ൽ ശതകോടീശ്വരൻ
തന്റെ സ്വപ്ന ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത് കൃത്യം 2 പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയിലും ലക്ഷ്മൺ മിത്തൽ ദാസ് ഇടംപിടിച്ചു. 2013-ൽ അദ്ദേഹം ഫോബ്സ് ശതകോടീശ്വരന്മാരുടെ പട്ടികയിൽ അരങ്ങേറ്റം കുറിച്ചു. ഇന്ന് രാജ്യത്തെ ഏറ്റവും പ്രായംകൂടിയ ശതകോടീശ്വരനാണ് ലക്ഷ്മൺ മിത്തൽ ദാസ്. ആകെ ആസ്തി 23,000 കോടി.
ലക്ഷ്മൺ മിത്തൽ ദാസിന്റെ മൂത്തമകൻ അമൃത് സാഗർ സോണാലിക ട്രാക്ടർ കമ്പനിയുടെ വൈസ് ചെയർമാനും ഇളയ മകൻ ദീപക് മാനേജിംഗ് ഡയറക്ടറുമാണ്. രണ്ടാമത്തെ മകൻ ന്യൂയോർക്കിൽ ഡോക്ടറുമാണ്. രസകരമായ മറ്റൊരു കാര്യം എന്താണെന്നാൽ മിത്തലിന്റെ മകൾ ഉഷ സാങ്വാൻ എൽഐസി ഉദ്യോഗസ്ഥയായിരുന്നു എന്നതാണ്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആദ്യത്തെ വനിതാ മാനേജിംഗ് ഡയറക്ടറായിരുന്നു ഉഷ സാങ്വാൻ.
സോണാലിക എന്നാൽ സ്വർണ്ണ രേഖകൾ എന്നാണ് അർത്ഥം. തന്റെ ജീവിതം കൊണ്ട് ഇന്ത്യയിലെ ബിസിനസ് രംഗത്ത് ലക്ഷ്മൺ മിത്തൽ ദാസ് എന്ന പേര് സ്വർണ്ണ രേഖകൾ പോലെ എഴുതിയിട്ട മനുഷ്യൻ. പലരും ജീവിതം അവസാനിച്ചു എന്ന് കരുതിയിടത്ത് നിന്നും തന്റെ യഥാർത്ഥ ജിവിതം ആരംഭിച്ച മനുഷ്യൻ. പ്രായം വെറും അക്കങ്ങളാണെന്ന് സ്വന്തം ജീവിതം കൊണ്ട് രേഖപ്പെടുത്തിയ മനുഷ്യൻ. എങ്ങനെയാണ് ലക്ഷ്മൺ മിത്തൽ ദാസിനെ വിശേഷിപ്പിക്കുക.