മെയ് മാസത്തിൽ ചൈനയുടെ റെയർ എർത്ത് മാഗ്നറ്റുകളുടെ കയറ്റുമതിയിൽ ഇടിവ് രേഖപ്പെടുത്തി. പൊതുമേഖല കസ്റ്റംസ് അധികൃതരുടെ കണക്കുകൾ പ്രകാരം, മെയ് മാസത്തിൽ ചൈന 1,238 മെട്രിക് ടൺ റെയർ എർത്ത് മാഗ്നറ്റുകൾ മാത്രമാണ് കയറ്റുമതി ചെയ്തത്. ഏപ്രിലിലെ കണക്കുമായി താരതമ്യപ്പെടുത്തിയാൽ ഇത് 52.9% ഇടിവാണ്. 2020 ഫെബ്രുവരിക്ക് ശേഷം വരുന്ന ഏറ്റവും കുറഞ്ഞ പ്രതിമാസ കയറ്റുമതിയാണിത്. 2024 മെയ് മാസത്തെ അപേക്ഷിച്ച് കയറ്റുമതിയിൽ 74 ശതമാനം കുറവു വന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
ഓട്ടോമോട്ടീവ്, എയറോസ്പേസ്, സെമികണ്ടക്ടർ, സൈനിക ഉപകരണങ്ങൾ ഉൾപ്പെടെ വിവിധ വ്യവസായ മേഖലകൾ തുടർച്ചയായ കയറ്റുമതി ഇടിവിന്റെ ബാധ്യതയിലാണ്. മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിലിൽ കയറ്റുമതി പകുതിയായി കുറഞ്ഞതും അതിനുശേഷം വീണ്ടും വലിയ ഇടിവുണ്ടായതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ലോകത്തെ റെയർ എർത്ത് മാഗ്നറ്റുകൾ 90 ശതമാനം ഉത്പാദിപ്പിക്കുന്ന ചൈന, തന്ത്രപരമായി ഏപ്രിൽ മുതൽ മാഗ്നറ്റ് ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒരൊറ്റ കസ്റ്റംസ് കോഡ് വിവിധതരം കാന്ത രസതന്ത്രങ്ങൾ ഉൾക്കൊള്ളുന്നതിനാൽ, കസ്റ്റംസിൽ ഇത് ആശയക്കുഴപ്പം സൃഷ്ടിച്ചതായും റിപ്പോർട്ടുണ്ട്.
വീട്ടുപകരണങ്ങളിലും ഉപഭോക്തൃ ഇലക്ട്രോണിക്സിലും ഉപയോഗിക്കുന്ന കാന്തങ്ങളുടെ കയറ്റുമതിയെക്കുറിച്ച് ചൈനീസ് കസ്റ്റംസ് ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
വാണിജ്യ മന്ത്രാലയം ഈയടുത്ത് “ഒരു നിശ്ചിത എണ്ണം” കയറ്റുമതി ലൈസൻസുകൾ അനുവദിച്ചുവെന്നു സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ജനുവരി മുതൽ മെയ് വരെ കയറ്റുമതിയുടെ ആകെത്തുക 19,132 മെട്രിക് ടണാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14.5 ശതമാനമാണ് കുറവ്.