ഭാരത സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എൻ.എൽ) 5ജി സേവനങ്ങൾ രാജ്യത്തുടനീളം ഉടൻ തുടങ്ങാനിരിക്കുകയാണ്. ഇപ്പോഴിതാ അവരുടെ 5ജി സേവനങ്ങൾക്ക് ‘ക്യു 5ജി’ എന്ന പുതിയ പേര് പ്രഖ്യാപിച്ചിരിക്കുകയാണ്. ക്യു 5ജി അഥവാ ക്വാണ്ടം 5ജി പേരുകളിൽ തങ്ങളുടെ 5ജി സേവനങ്ങൾ അറിയപ്പെടുമെന്ന് എക്സിലൂടെ കമ്പനി അറിയിച്ചു.
5ജി ബ്രാൻഡിനായി പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങളോട് നേരത്തെ അഭ്യർത്ഥിച്ചിരുന്ന ബിഎസ്എൻഎൽ, ലഭിച്ച നിരവധി നിർദേശങ്ങളിൽ നിന്ന് ‘ക്യു 5ജി’ എന്ന പേരാണ് തിരഞ്ഞെടുത്തത്. ക്വാണ്ടം 5ജി കമ്പനിയുടെ 5ജി സേവനങ്ങളുടെ കരുത്തും വേഗതയും ഭാവി ടെക്നോളജികളുമായുള്ള ബന്ധം സൂചിപ്പിക്കുന്നതായി കമ്പനി പറയുന്നു. ബി.എസ്.എൻ.എൽ ഇപ്പോൾ തങ്ങളുടെ 4ജി സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പദ്ധതികൾ ആവിഷ്കരിച്ചിരിക്കുകയാണ്. ഇതിനായി രാജ്യത്ത് ഒരു ലക്ഷം 4ജി ടവറുകൾ സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. അതിൽ 70,000-ത്തിലധികം ടവറുകൾ നിലവിൽ പ്രവർത്തനക്ഷമമാണ്.
ബിഎസ്എൻഎൽ നേരത്തെ തന്നെ 4ജി ടവറുകളുടെ ആദ്യ ഘട്ടം പൂര്ത്തിയാക്കിയതിന്റെ പശ്ചാത്തലത്തിൽ, കേന്ദ്ര മന്ത്രിസഭയുടെ അനുമതി തേടുമെന്ന് അടുത്തിടെ കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി പറഞ്ഞിരുന്നു. അതിനായി ഒരു ലക്ഷം ടവറുകൾ കൂടി സ്ഥാപിക്കാനുള്ള അനുമതി കമ്പനി തേടുന്നതായും മന്ത്രി പറഞ്ഞു.
നിലവിൽ തിരഞ്ഞെടുത്ത ചില സർക്കിളുകളിലായി ബി.എസ്.എൻ.എൽ 5ജി ഫിക്സഡ് വയർലെസ് ആക്സസ് (FWA) സേവനം തുടങ്ങുകയും ചെയ്തു. ഈ സേവനങ്ങൾ 999 രൂപ നിരക്കിൽ വാണിജ്യ സ്ഥാപനങ്ങൾക്ക് ലഭ്യമാണ്. എന്നാൽ സാധാരണ ഉപഭോക്താക്കൾക്ക് ലഭ്യമല്ല. ഉടൻ തന്നെ 5ജി പരീക്ഷണങ്ങൾ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. പരീക്ഷണാടിസ്ഥാനത്തിൽ ഡൽഹി, ജയ്പൂർ, ലഖ്നൗ, ഛണ്ഡീഗഢ്, ഭോപ്പാൽ, കൊൽക്കത്ത, പാറ്റ്ന, ഹൈദരാബാദ്, ചെന്നൈ തുടങ്ങി പ്രധാനപ്പെട്ട നഗരങ്ങളിലേക്കും 5G ലോഞ്ച് ചെയ്യും. ഇതോടെ ജിയോ, എയർടെൽ എന്നിവയെപ്പോലെ രാജ്യത്ത് അതിവേഗ ഡാറ്റാ സേവനങ്ങൾ നൽകുന്ന വലിയൊരു പങ്കാളിയായി ബിഎസ്എൻഎൽ മാറുമെന്നാണ് പ്രതീക്ഷ.