ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചതായി ഇറാൻ. ഇറാനെതിരെ അമേരിക്കയുടെ വ്യോമാക്രമണം നടന്നതിന് പിന്നാലെയാണ് ഇറാന്റെ പ്രഖ്യാപനം. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് ഇറാന്റെ വിശദീകരണം. എണ്ണ ടാങ്കറുകൾ ഉൾപ്പെടെ എല്ലാ വാണിജ്യ കപ്പലുകൾക്കും കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വിലക്ക് ലംഘിച്ച് കടന്നുപോകുന്ന കപ്പലുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഇറാനിലെ ഒന്നിലധികം കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഖഷം ദ്വീപ് ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിനോട് ചേർന്നുള്ള ബന്ദർ അബ്ബാസ്, കാർഗൻ, സിരിക് തുടങ്ങിയ നഗരങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇറാന്റെ അനാവശ്യവും തുടർച്ചയായതുമായ ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് ഇന്നത്തെ സൈനിക നടപടിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രതികരിച്ചു. രാജ്യത്തെ താൽപര്യങ്ങളും മേഖലയിലെ സുരക്ഷയും സംരക്ഷിക്കുന്നതിനായി കൂടുതൽ സ്വയംപ്രതിരോധ നടപടികൾ തുടരുമെന്നും അമേരിക്കൻ സൈന്യം വ്യക്തമാക്കി.
അതേസമയം, ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയത് ആഗോള ഊർജ വിപണിയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഗതാഗതം തടസ്സപ്പെട്ടാൽ ആഗോള എണ്ണവില കുതിച്ചുയരാനും വിതരണ ശൃംഖലകളെ ബാധിക്കാനും സാധ്യതയേറെയാണ്.