ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തെ മുൻനിര കമ്പനിയായ സ്വിഗ്ഗി, പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ സേവനരംഗത്തേക്ക് കടന്നിരിക്കുകയാണ്. ‘ക്രൂ’ എന്ന പേരിൽ പുറത്തിറക്കിയ പുതിയ ആപ്പ് ലൈഫ്സ്റ്റൈൽ, ട്രാവൽ കൺസേർജ് സേവനങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്.
ബീറ്റാ ഘട്ടത്തിലാണ് ആപ്പ് ഇപ്പോൾ പ്രവർത്തിക്കുന്നത്, മാത്രമല്ല തിരഞ്ഞെടുത്ത ഉപയോക്താക്കളുടെ ഇടയിലാണ് ആദ്യമായി ഈ സേവനം ലഭ്യമാക്കുന്നത്. ആപ്പിന്റെ മുഖ്യ ലക്ഷ്യം, അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റുകൾ നേടൽ, ബജറ്റിനുള്ളിൽ ക്യൂറേറ്റഡ് സമ്മാനങ്ങൾ കണ്ടെത്തൽ, യാത്രകളുടെ പ്ലാനിംഗ് തുടങ്ങിയ വ്യക്തിഗത സേവനങ്ങളാണ്.
സ്വിഗ്ഗിയുടെ മാതൃസ്ഥാപനമായ ബണ്ടിൽ ടെക്നോളജീസിന്റെ കീഴിലാണ് ക്രൂ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ക്രൂ ആപ്പ് ലഭ്യമാണ്. ഇതാദ്യമായല്ല സ്വിഗ്ഗി പ്രീമിയം സേവന മേഖലയിലേക്ക് കടക്കുന്നത്. കഴിഞ്ഞ വർഷം ‘റെയർ ലൈഫ്’ എന്ന പേരിൽ സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിലുള്ള കൺസേർജ് സേവനം കമ്പനി പരീക്ഷിച്ചിരുന്നു. എന്നാൽ, റെയർ ലൈഫ് ഒരു സ്റ്റാൻഡ്-എലോൺ ആപ്പിലേക്ക് പുരോഗമിച്ചില്ല.
പുതിയ സേവനങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കഴിഞ്ഞ ജനുവരിയിൽ ‘പിങ്’ എന്ന പ്രൊഫഷണൽ സേവന പ്ലാറ്റ്ഫോം കമ്പനി ആരംഭിച്ചത്. പിങ് ഉപയോഗിച്ച് ഉപയോക്താക്കളെ സാമ്പത്തിക ഉപദേഷ്ടാക്കൾ, ട്രാവൽ കൺസൾട്ടന്റുകൾ, വെൽനസ് കോച്ചുകൾ തുടങ്ങിയവരുമായി ബന്ധിപ്പിക്കാനാവും. അതുപോലെ, ബി2ബി മേഖലയിൽ റെസ്റ്റോറന്റുകൾക്ക് ആവശ്യമായ കിച്ചൺ സാധനങ്ങൾ നൽകുന്ന ‘അഷ്വർ’ എന്ന പ്ലാറ്റ്ഫോമും സ്വിഗ്ഗി അവതരിപ്പിച്ചു.
സ്വിഗ്ഗി സഹസ്ഥാപകനായ ഫാനി കിഷൻ ഇൻ്റേണൽ അനൗൺസ്മെൻ്റിലൂടെയാണ് ക്രൂ ആപ്പ് പുറത്തിറക്കിയത്. ആദ്യ ഘട്ടത്തിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായാണ് ആക്സസ് അനുവദിച്ചിരിക്കുന്നത്. മുന്‍കാല സംരംഭമായ റെയർ ലൈഫിനേക്കാള്‍ വ്യത്യസ്തമായി, ക്രൂ പ്രധാന ഇന്ത്യൻ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നു.
ക്രൂ ആപ്പിന് വരുമാനമാർഗമായി സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിൽ ബിസിനസ് മോഡൽ സ്വീകരിച്ചേക്കാം. ഹോം കൺസേർജ് പ്ലാറ്റ്ഫോമായ പിഞ്ച് പോലുള്ള നിലവിലുള്ള സ്റ്റാർട്ടപ്പുകൾക്ക് സമാനമായ രീതിയിലാണ് ക്രൂ പ്രവർത്തിക്കുന്നത്. കൺസേർജ് മാർക്കറ്റിൽ വർദ്ധിച്ചുവരുന്ന താൽപര്യത്തിന്റെ ഭാഗമായാണ് ഇൻഡൾജ് ഗ്ലോബൽ പോലുള്ള പുതിയ സ്റ്റാർട്ടപ്പുകൾ രംഗത്തെത്തുന്നത്. സ്വിഗ്ഗിയുടെ ഈ പുതിയ നീക്കം, വരാനിരിക്കുന്ന ഐപിഒക്ക് മുന്നോടിയായി കമ്പനിയുടെ ബിസിനസ് വൈവിധ്യവൽക്കരണ ശ്രമങ്ങളുടെ ഭാഗമാണെന്നാണ് വിലയിരുത്തൽ.