കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് സ്വര്‍ണവില 9,235 രൂപയും പവന് വില 73,880 രൂപയുമായി.18 കാരറ്റ് സ്വര്‍ണത്തിൻ്റെ വില ഗ്രാമിന് 20 രൂപ വര്‍ധിച്ച് 7,575 രൂപയായി. വെള്ളിയിൽ ഇന്ന് മാറ്റമൊന്നുമില്ല. നിലവില്‍ ഗ്രാമിന് 118 രൂപയാണ് വില.
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം, ഉക്രൈന്‍ യുദ്ധം തുടങ്ങിയ രാഷ്ട്രീയ അസ്ഥിരതകളാണ് സമീപദിനങ്ങളില്‍ സ്വര്‍ണവിലയെ കാര്യമായി സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നതും വില കുതിച്ചുയരാന്‍ ഇടയാക്കുന്നു. അടുത്ത കാലഘട്ടത്തില്‍ യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും, വര്‍ഷാവസാനത്തോടെ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് സൂചന.
ആഗോള തലത്തില്‍ സ്വര്‍ണത്തിന്‍റെ ഔണ്‍സ് വില 3,451.62 ഡോളര്‍ എന്ന റെക്കോര്‍ഡിൽ നിന്ന് ഇപ്പോള്‍ 3,368 ഡോളറിലായി താഴ്ന്നിരിക്കുന്നു. എന്നാല്‍, ഭാവിയിൽ കുറഞ്ഞ നിരക്കിലേക്കുള്ള സാധ്യതയെ മുന്‍നിര്‍ത്തി വില വീണ്ടും ഉയരാനാണ് സാധ്യത. ഫെഡറല്‍ റിസര്‍വ് 2026 ലും 2027 ലും നിരക്കുകള്‍ കുറയ്ക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്.
ഇന്ന് ആഭരണങ്ങള്‍ വാങ്ങുന്നവർക്ക് പവന് 73,880 രൂപയാണെങ്കിലും, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ്, നികുതി, പണിക്കൂലി തുടങ്ങിയവ ചേര്‍ത്താല്‍ വില 80,000 രൂപയ്ക്കു മുകളിലാകും. പണിക്കൂലി വിലയെ കൂടുതലായി ബാധിക്കുന്നതുകൊണ്ടാണ് വില ഇത്രയും ഉയരുന്നത്. സാധാരണയായി 5% മുതല്‍ 10% വരെ പണിക്കൂലി ഈടാക്കുന്നുണ്ട്. ചില ബ്രാന്‍ഡഡ് ആഭരണങ്ങള്‍ക്ക് 30% വരെയും ഈടാക്കുന്നു.
പവന് വില 74,000 കടക്കുമെന്ന പ്രതീക്ഷയില്‍ വിപണി ചൂടുപിടിക്കുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ജൂണ്‍ 14ന് സ്വര്‍ണവില റെക്കോര്‍ഡ് ഉയർച്ചയിലായിരുന്നു. അതായത്, ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയും. ചെറിയൊരു കുറവിൽ നിന്ന് വീണ്ടും കയറിയ വില സമീപ ഭാവിയില്‍ പുതിയ റെക്കോര്‍ഡുകളിലേക്ക് എത്തുമോ എന്ന് നിക്ഷേപകർ ഉറ്റുനോക്കുകയാണ്.