അന്താരാഷ്ട്ര വീഡിയോ കോൺഫറൻസിങ് ഭീമനായ സൂം കമ്മ്യൂണിക്കേഷൻസ് ഇന്ത്യയിലെ ബിസിനസുകൾക്കായി ക്ലൗഡ് ഫോൺ സേവനം വിപുലീകരിച്ചു. അതിന്റെ ഭാഗമായി സൂം കോൺടാക്റ്റ് സെന്റർ ആരംഭിച്ചതായി കമ്പനി പ്രഖ്യാപിച്ചു.
മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ആന്ധ്രാപ്രദേശ്, ഡൽഹി, നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ് എന്നിവ ഉൾപ്പെടുന്ന ഡൽഹി-എൻസിആർ മേഖലകളിലേക്ക് കമ്പനി സേവനം വ്യാപിപ്പിക്കുമെന്നാണ് പ്രഖ്യാപനം. അതുവഴി കൂടുതൽ മേഖലകളിലെ സ്ഥാപനങ്ങൾക്ക് സൂമിന്റെ ക്ലൗഡ് അധിഷ്ഠിത ടെലിഫോണിക് സംവിധാനത്തിലേക്ക് മാറാൻ കഴിയും.
ഇതിനുമുമ്പ്, മഹാരാഷ്ട്രയും തമിഴ്‌നാടും ഉൾപ്പെടെ രണ്ട് സംസ്ഥാനങ്ങളിൽ മാത്രമേ സൂം ഫോണിന് ലൈസൻസ് ലഭിച്ചിരുന്നുള്ളൂ. ഈ അപ്‌ഡേറ്റോടെ, സേവനം ഇപ്പോൾ രാജ്യത്തുടനീളമുള്ള ആറ് ടെലികോം മേഖലകളെ ഉൾക്കൊള്ളുന്നു. ബിസിനസുകൾക്ക് പരമ്പരാഗത ലാൻഡ്‌ലൈൻ സേവനങ്ങളിൽ നിന്ന് മാറി കോൾ, സന്ദേശം, വീഡിയോ എന്നിവ സംയോജിപ്പിക്കുന്ന കമ്യൂണിക്കേഷൻ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റാൻ സഹായിക്കും.
പണമടച്ച ഉപഭോക്താക്കൾക്ക് ഇപ്പോൾ അവരുടെ നിലവിലെ സൂം പ്ലാനിൽ ഓപ്ഷണലായി ക്ലൗഡ് ഫോൺ സേവനം ചേർക്കാവുന്നതാണ്. AI അസിസ്റ്റന്റുള്ള ഈ സേവനം കോൾ സംഗ്രഹങ്ങൾ സൃഷ്ടിക്കുകയും, വോയിസ്‌മെയിൽ അടക്കം ആവശ്യമായ വിവരങ്ങൾ ടാസ്‌കായി മാറ്റുകയും ചെയ്യുന്നു. ഇതിന് പുറമേ, സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോൺ സേവനങ്ങൾ കൂടുതൽ പ്രവർത്തനക്ഷമമാക്കാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും കമ്പനികൾക്ക് കഴിയും.
കോൾ അനുഭവം വിശകലനം ചെയ്യാനുള്ള സാങ്കേതികവിദ്യയും ഉപഭോക്തൃ സംതൃപ്തി അളക്കാനുള്ള സംവിധാനങ്ങളും ഉൾപ്പെടുന്ന ഈ സേവനം, ടീമുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇടപെടലുകൾ ലളിതമാക്കാനും ഉപകരിക്കും.
സൂം ഇന്ത്യയിൽ അവതരിപ്പിച്ച ഈ സേവനങ്ങൾ, കമ്പനി രാജ്യത്തെ അതിന്റെ പ്രധാന കമ്യൂണിക്കേഷൻ ഹബ്ബുകളിലൊന്നായി മാറ്റുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ്. AI-പവേർഡ്, ഒമ്നിചാനൽ കോൺടാക്റ്റ് സെന്റർ മോഡൽ, ബിസിനസുകൾക്ക് തങ്ങളുടെ ആശയവിനിമയ തന്ത്രങ്ങൾ പുനർനിർമ്മിക്കാൻ സഹായിക്കുന്നതോടൊപ്പം, ഇന്ത്യയെ ആധുനിക കമ്യൂണിക്കേഷൻ സാങ്കേതികവിദ്യയുടെ മുൻ നിരയിലെത്തിക്കും.