വിദേശത്ത് ബിസിനസ് തുടങ്ങി അവിടെ സെറ്റിൽ ആകാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ വിദേശത്ത് തുടങ്ങിയ തന്റെ സ്വന്തം സംരംഭത്തെ നാട്ടിലേക്ക് പറിച്ച് നട്ട് വളർത്തി മുന്നേറുകയാണ് ഒരു യുവ സംരംഭകൻ. അമേരിക്കയിലെ പഠന സമയത്ത് ഒരു പ്രൊജക്റ്റിന്റെ ഭാഗമായി തുടങ്ങിയ സ്റ്റാർട്ടപ്പ് ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു ബിസിനസ് സംരംഭമാക്കി മാറ്റിയിരിക്കുകയാണ് കൊച്ചി ഇടപ്പള്ളി സ്വദേശിയായ ദീപക് റോയി. ഹാർഡ് വെയർ രംഗത്ത് ഇന്ത്യയുടെ ഭാവി ‘ഓപ്പൺ വയർ ‘എന്ന തന്റെ സ്റ്റാർട്ടപ്പിലൂടെ ഭദ്രമാണെന്ന് തെളിയിക്കുകയാണ് ഇദ്ദേഹം.
ഓപ്പൺ വയർ ഒരു ഹാർഡ് വെയർ മാനുഫാക്ച്ചറിങ് കമ്പനി ആണ്. ഫുൾ റേഞ്ച് ഹാർഡ് വെയർ ഡിവൈസുകൾ രൂപകല്‍പ്പന ചെയ്ത് നിർമിക്കുന്ന നൂതന സംരംഭം ആണിത്. ARM തിൻ ക്ലയന്റുകൾ, നെറ്റ്‌വർക്ക് അറ്റാച്ച്ഡ് സ്റ്റോറേജ് (NAS) ഉപകരണങ്ങൾ, മിനി പിസികൾ എന്നിവ ഓപ്പൺ വയർ ലഭ്യമാക്കുന്നു. ഹാർഡ് വെയർ രംഗത്ത് ഇന്ത്യയിൽ ഇന്ന് ഉയർന്ന് കേൾക്കുന്ന ബിസിനസ് സംരംഭമായി ഇത് മാറിക്കഴിഞ്ഞു. വലിയ കമ്പനികൾ മുതൽ ചെറിയ ബിസിനസ് സംരംഭകരുടെ ആവശ്യങ്ങൾ വരെ ഒരേ പോലെ നിറവേറ്റാൻ കഴിയുന്നു എന്നതാണ് ഓപ്പൺ വയർ പ്രൊഡക്റ്റിന്റെ സവിശേഷത. ഏറ്റവും എടുത്തു പറയേണ്ടുന്ന പ്രത്യേകത വാങ്ങുമ്പോൾ ഉള്ള വിലക്കുറവ് തന്നെയാണ്. അതോടൊപ്പം മികച്ച സർവിസിങ്ങും സുരക്ഷയും ഉയർന്ന കാര്യക്ഷമതയും ഓപ്പൺ വയർ വാഗ്ദാനം ചെയുന്നു.