പുതുവർഷ ആഘോഷങ്ങളുടെ ആലസ്യം പോലെ മന്ദഗതിയിലാണ് 2024 ലെ ആദ്യ ദിവസത്തിൽ വിപണിയിലെ വ്യാപാരം. ഉച്ചയോടെ നേരിയ ഇടിവ് നേരിട്ടിട്ടുണ്ട്. 2023 ലെ മിന്നുന്ന പ്രകടനത്തിന് ശേഷം കുതിപ്പ് തുടരുമെന്ന സാധ്യത തന്നെയാണ് വിപണിയിലുള്ളത്. ഈ സാഹചര്യത്തിൽ ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ഷെയർഖാൻ ബാങ്കിംഗ്, ഫാർമ, ഓട്ടോ തുടങ്ങിയ സെക്ടറുകളിൽ നിന്നുള്ള വിവിധ ഓഹരികളെ നിക്ഷേപത്തിനായി നിർദ്ദേശിക്കുന്നുണ്ട്. 35 ശതമാനം വരെ ലാഭ സാധ്യതയുള്ള ഓഹരികളാണിവ.
എച്ച്ഡിഎഫ്സി ബാങ്ക്
സ്വകാര്യ മേഖലയിൽ മുൻനിരയിലുള്ള എച്ച്ഡിഎഫ്സി ബാങ്കാണ് പട്ടികയിൽ ഒന്നാമത്. ബ്രോക്കറേജ് സ്ഥാപനമായ ഷെയർഖാൻ എച്ച്‌ഡിഎഫ്‌സി ബാങ്കിന് 1900 രൂപ ലക്ഷ്യ വിലയിൽ ബൈ റേറ്റിംഗ് നിലനിർത്തുന്നുണ്ട്. തിങ്കളാഴ്ച 1,700 രൂപയിൽ ലഭ്യമായ ഓഹരി വിപണി വിലയേക്കാൾ 11 ശതമാനം ഉയർച്ച സാധ്യതയെ സൂചിപ്പിക്കുന്നു.
ഇൻഡസ്ഇൻഡ് ബാങ്ക്
സ്വകാര്യ മേഖലയിലുള്ള ഇൻഡസ്‌ഇൻഡ് ബാങ്കിനും ഷെയർഖാൻ ബൈ റേറ്റിംഗ് നൽകുന്നുണ്ട്. 1,850 രൂപയാണ് ബ്രോക്കറേജ് സ്ഥാപനം ഓഹരിക്ക് നൽകുന്ന ലക്ഷ്യവില. തിങ്കളാഴ്ച 1,602 രൂപയിൽ ലഭ്യമായ ഓഹരിക്ക് 16 ശതമാനത്തിന്റെ വളർച്ച സാധ്യതയുണ്ട്. സ്ഥിരമായ മാർജിൻ, ശക്തമായ വായ്പാ വളർച്ച, വായ്പാ ചെലവ് മെച്ചപ്പെടുത്തൽ എന്നിവ വഴി ബാങ്ക് വരുമാന വളർച്ചയിൽ മുന്നേറാൻ സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോർട്ട് പറയുന്നത്.
ഹീറോ മോട്ടോകോർപ്പ്
ഇന്ത്യൻ ഇരുചക്ര വിപണിയിലെ താരമായ ഹീറോ മോട്ടോകോർപ്പിന് 4,579 രൂപ ലക്ഷ്യവിലയിലാണ് ഷെയർഖാൻ ബൈ റേറ്റിംഗ് നൽകുന്നത്. 4,132 രൂപയിൽ ലഭ്യമായ ഓഹരിക്ക് 11 ശതമാനത്തിന്റെ ഉയർന്ന സാധ്യതയുണ്ട്.
ഇബിഐടിഡിഎ മാർജിനുകളിലെ ആരോഗ്യകരമായ വീണ്ടെടുക്കൽ, എച്ച്ഡി എക്സ് 440 മോഡലിന്റെ ശക്തമായ പ്രതികരണം, ഇവി വിപണിയുടെ വിപുലീകരണം, ഗ്രാമീണ വിൽപ്പനയിലെ ഉണർവ് എന്നിവ ഹീറോ ഓഹരിക്ക് അനുകൂലമാകുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ വിലയിരുത്തൽ. ഒല ഇലക്ട്രിക്കിന്റെ ലിസ്റ്റിംഗ് ആതർ എനർജിയിലെ ഹീറോയുടെ നിക്ഷേപത്തിന്റെ മൂല്യം വ്യക്തമാക്കും.
ലുപിൻ
ഇന്ത്യൻ മൾട്ടിനാഷണൽ ഫാർമ കമ്പനിയാണ് ലുപിൻ ലിമിറ്റഡ്. രാജ്യത്തെ രണ്ടാമത്തെ വലിയ ഫാർമ കമ്പനിയായ ലുപിൻ ലോകത്തെ ജെനറിക് മരുന്ന് നിർമാതാക്കളിൽ 14മതാണ്. ബ്രോക്കറേജ് സ്ഥാപനമായ ഷെയർഖാൻ ലുപിന് ബൈ റേറ്റിംഗ് നൽകുന്നുണ്ട്. 1,314 രൂപയിൽ ലഭ്യമായ ഓഹരിക്ക് 1,500 രൂപയാണ് ബ്രോക്കറേജ് നൽകുന്ന ലക്ഷ്യവില. ഇത് 13 ശതമാനം വളർച്ച സാധ്യത കാണിക്കുന്നു.
ആർട്ടെമിസ് മെഡികെയർ
അപ്പോളോ ടയേഴ്‌സ് ഗ്രൂപ്പിന്റെ പ്രൊമോട്ടർമാർക്ക് കീഴിൽ 2004-ൽ ആരംഭിച്ച ഹെൽത്ത് കെയർ കമ്പനിയാണ് ആർട്ടെമിസ് മെഡികെയർ സർവീസസ് ലിമിറ്റഡ്. കമ്പനിക്ക് ഗുഡ്ഗാവിൽ 713 കിടക്കകളുള്ള മൾട്ടി-സ്പെഷ്യാലിറ്റി ടെർഷ്യറി കെയർ ഹോസ്പിറ്റലുണ്ട്. 3 മുതൽ 5 വർഷത്തിനുള്ളിൽ ഇത് ഏകദേശം മൂന്നിരട്ടിയാക്കി 2000 കിടക്കകളാക്കി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ബ്രോക്കറേജ് സ്ഥാപനമായ ഷെയർഖാൻ ബൈ റേറ്റിംഗോടെ ആർട്ടെമിസ് മെഡികെയർ സർവീസിന് നൽകുന്ന ലക്ഷ്യവില 222 രൂപയാണ്. 174 രൂപയിൽ ലഭ്യമായ ഓഹരിക്ക് 23 ശതമാനം വളർച്ച സാധ്യതയുണ്ട്.
ബാങ്ക് ഓഫ് ഇന്ത്യ
പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 120 രൂപ ലക്ഷ്യവിലയിലാണ് ഷെയർഖാൻ ബൈ റേറ്റിംഗ് നൽകുന്നത്. എംഎസ്‌എംഇകളിലെ പുനരുജ്ജീവനവും കോർപ്പറേറ്റ് വായ്പാ വളർച്ചയും വായ്പാ വളർച്ചയുടെ വേഗത ഉയർത്തുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ. അതേസമയം റീട്ടെയിൽ വിഭാഗം മികച്ച പ്രകടനം തുടരുന്നതും ബാങ്കിനെ ആകർഷകമാക്കുന്നു. നിലവിലെ ലക്ഷ്യവില പ്രകാരം ഓഹരി 6ശതമാനം ഉയരാനുള്ള സാധ്യതയാണ് കാണുന്നത്.
അറിയിപ്പ് : മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
2 Comments
drYSXPguwA
AlaHKyPNcuJOCLRS