കെ-ഡിസ്‌ക് വിഭാവനം ചെയ്ത ജീനോം ഡാറ്റാ സെന്റര്‍ (Kerala Genome Data Centre), മൈക്രോബയോം മികവിന്റെ കേന്ദ്രം (Microbiome Centre of Excellence) എന്നീ പദ്ധതികള്‍ കേരളത്തിന്റെ ആരോഗ്യമേഖലയില്‍ വന്‍മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.
രോഗ പ്രതിരോധത്തിനും ചികിത്സ ലഭ്യമാക്കുന്നതിനും പുതിയ ചികിത്സാ രീതികള്‍ അവലംബിക്കുന്നതിനുമുള്ള സാധ്യത തുറന്നു തരുന്ന ശാസ്ത്ര മേഖലയാണ് ജീനോമിക്‌സ്. മെഡിക്കല്‍ ഗവേഷണത്തിലും പരിശീലനത്തിനുമുള്ള സാമ്പ്രദായിക സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വരും കാല ചികിത്സാ രീതികള്‍ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കുന്നതിനും ജീനോമിക്‌സ് സഹായകമാകും. അതിനുള്ള പ്രവർത്തനങ്ങൾക്ക്ശക്തി പകരാൻ കേരള ജീനോം ഡാറ്റാ സെന്റര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിന് സാധിക്കും.
നൂതന ശാസ്ത്ര സാങ്കേതിക മേഖലയില്‍ രാജ്യത്തിന് വഴികാട്ടാന്‍ കേരളത്തെ പ്രാപ്തമാക്കുന്ന പദ്ധതിയായി ജീനോം ഡാറ്റാ സെന്റര്‍ മാറും. പ്രാഥമിക മേഖലയിലെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുവാനും പുതിയ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും ഗവേഷണ സ്ഥാപനങ്ങള്‍, ബയോടെക് കമ്പനികള്‍ എന്നിവയ്ക്ക് നിര്‍ണായക വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും പുതിയ സെന്റര്‍ സഹായകമാകും. കേരള ജീനോം ഡാറ്റാ സെന്റര്‍ രൂപീകരിക്കുന്നതിലൂടെ ജനിതകവിവരങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് ആരോഗ്യം, കൃഷി, മൃഗസംരക്ഷണം എന്നീ മേഖലകളില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ സംസ്ഥാനത്തിന് സാധിക്കും.