ഇലക്ഷൻ സമയത്തും സർക്കാരിലും ഡോണാൾഡ് ട്രംപിന് ഏറ്റവും വലിയ പിന്തുണ നൽകുന്ന ആൾ ആരാണെന്ന് ചോദിച്ചാൽ അതിനു ഒറ്റ പേരേ ഉണ്ടായിരുന്നുള്ളൂ ‘ഇലോൺ മസ്ക്ക്’. എന്നാൽ ഇപ്പോൾ ഈ ബന്ധത്തിൽ വിള്ളൽ വീണിരിക്കുന്നു. രണ്ടു പേരും പരസ്പരം പോരാടുകയാണ്. അതും പരസ്യമായി. അമേരിക്കയിലെ ഏറ്റവും ശക്തരായ രണ്ടു പേരുടെ ശത്രുത ആഗോളതലതലത്തിൽ തന്നെ രാഷ്ട്രീയ,സാമ്പത്തിക രംഗങ്ങളിൽ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.
മസ്ക്കിന്റെ സർക്കാർ ഉപദേശക സ്ഥാനത്ത് നിന്നുള്ള കാലാവധി കഴിഞ്ഞതിന്റെ പിന്നാലെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥനായ സെർജിയോ കോൾ ഉൾപ്പെടെയുള്ള ചിലർ മസ്ക്കിനെതിരെ പ്രസിഡന്റ് ട്രംപിനെ സ്വാധീനിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി മസ്ക്കിന്റെ അടുത്ത അനുയായിയായ ജാരെഡ് ഐസക്മാന്റെ നിയമനം ട്രംപ് സർക്കാർ മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ മസ്ക്കിന് ലഭിക്കുന്ന സർക്കാർ സബ്സിഡികളും കരാറുകളും അവസാനിപ്പിക്കുന്നതാണ് സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള എളുപ്പഴി എന്ന ട്രംപിന്റെ പ്രസ്താവന ഇരുവർക്കും ഇടയിലെ വിള്ളൽ ശക്തമാക്കി.
ട്രംപും മാസ്കും ആദ്യം മുതലേ സുഹൃത്തുക്കൾ ആയിരുന്നില്ല. 2016-ൽ ഇലോൺ മസ്ക്ക് ട്രംപിന്റെ ശക്തനായ വിമര്‍ശകനായിരുന്നു. വിമര്‍ശകനായിരുന്നു എന്ന് മാത്രമല്ല ട്രംപിന്റെ മുഖ്യ എതിരാളിയായ ഹില്ലരി ക്ലിന്റണിനെ എല്ലാ രീതിയിലും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ആ വർഷം തന്നെ ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ കൂട്ടത്തിൽ അദ്ദേഹവും ചേർന്നു. എന്നാൽ പിന്നീട് പരിസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്നുള്ള ട്രംപിന്റെ പിൻവലിപ്പിനെ തുടർന്ന് 2017-ൽ മസ്ക്ക് ട്രംപ് ക്യാമ്പിൽ നിന്നും അകന്നു. ഇതിന് ശേഷം ഇരുവരും വര്‍ഷങ്ങളോളം അകലം പാലിച്ചു. എന്നാൽ 2024-ൽ പൊടുന്നനെ സാഹചര്യം മാറി. ട്രംപിനെ പിന്തുണക്കുക മാത്രമല്ല, 300 കോടി ഡോളറോളം സംഭാവന നൽകി ട്രംപിന്റെ വലംകൈ ആകുകയും ചെയ്തു.
വിമര്‍ശകനിൽ നിന്നും സുഹൃത്തായും പിന്നെ വലംകൈയായും അവസാനം ശത്രുക്കൾ ആയും നിൽക്കുന്നതാണ് നിലവിലെ ട്രംപ്-ഇലോൺ മസ്ക്ക് ബന്ധം. ഇനി ഈ ബന്ധത്തിന്റെ ഭാവി എന്ത്, ഇരുവരും തമ്മിൽ വെടി നിർത്തുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.