കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ഇനി രാജ്യത്തെത്തന്നെ ആകർഷിക്കുന്ന ആധുനിക പോർട്ട് സിറ്റിയായി വളരാൻ ഒരുങ്ങുന്നു. വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വികസന ഇടനാഴിയുടെ പദ്ധതി നടത്തിപ്പിനായി പബ്ലിക്ക് ലിമിറ്റഡ് കമ്പനി രൂപീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.
മൂന്ന് ലക്ഷം കോടി രൂപയുടെ ഭീമനിക്ഷേപത്തിൽ ഒരുങ്ങുന്ന പോർട്ട് സിറ്റി 10,000ത്തോളം തൊഴിലവസരങ്ങൾ, ആധുനികമായ വ്യവസായ സംവിധാനങ്ങൾ, ലോകോത്തര അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ലക്ഷ്യമാക്കിയാണ് പുതിയ കമ്പനി വരുന്നത്. കിഫ്ബിയുടെ നിയന്ത്രണത്തിലാകും കമ്പനിയുടെ പ്രവര്‍ത്തനം.
വികസന ഇടനാഴിയിൽ ഉൾപ്പെടുന്ന പ്രദേശത്ത് നിക്ഷേപം സാധ്യമാക്കുന്നതിനും വ്യവസായങ്ങള്‍ക്ക് ആവശ്യമായ ഭൂമി കമ്പനിയുടെ പ്രധാന ചുമതല. കമ്പനിയുടെ രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബിയുടെ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ കിഫ്കോണിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്പറേഷന്, തെലങ്കാന സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്പറേഷന് ലിമിറ്റഡ് എന്നിവയുടെ മാതൃകകളും പുതിയ കമ്പനി രൂപീകരണത്തിന് മാതൃകയാക്കും. കൂടാതെ, ദുബായ്, സിംഗപ്പൂര്‍ മാതൃകയില്‍ വിഴിഞ്ഞം കേന്ദ്രീകരിച്ച് തുറമുഖ നഗരം (Port city) രൂപീകരിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
പദ്ധതി പ്രദേശത്ത് നിക്ഷേപം നടത്താനൊരുങ്ങുന്ന വിദേശനിക്ഷേപകര്‍ക്ക് ആവശ്യമായ സഹായം കമ്പനി നല്‍കും. ആവശ്യമുള്ള സ്ഥലത്ത് ഭൂമിയേറ്റെടുത്ത് നല്‍കാനും വേണ്ട സര്‍ക്കാര്‍ അനുമതികള്‍ ലഭ്യമാക്കാനും കമ്പനിയുടെ സഹായമുണ്ടാകും. അടിസ്ഥാന സൗകര്യ വികസനത്തിനും കമ്പനിയുടെ പിന്തുണ ലഭിക്കും. നിക്ഷേപകര്‍ക്ക് വേണ്ടി എം.എസ്.എം.ഇ ക്ലസ്റ്ററുകള്‍, ലോജിസ്റ്റിക്ക് പാര്‍ക്കുകള്‍, സംസ്ക്കരണ ഹബ്ബുകള്‍, ഗോഡൗണുകള്‍, സ്റ്റോറേജ് ഏരിയകള്‍ എന്നിവയും സജ്ജമാക്കും.
കാര്‍ഷികാധിഷ്ഠിത വ്യവസായം, ഐ.ടി, ഐ.ടി അനുബന്ധ സേവനം, ബഹിരാകാശ ശാസ്ത്ര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് കാത്തിരിക്കുന്നത്. പദ്ധതി പ്രദേശത്തെ പ്രധാന വാണിജ്യ, വ്യാപാര കേന്ദ്രമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സൗരോര്‍ജ്ജ, പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളും ഇവിടെയൊരുങ്ങും. കൂടാതെ ടൂറിസം രംഗത്തും വലിയ മാറ്റമാണ് ഈ പ്രദേശത്തെ ഉണ്ടാകാൻ പോകുന്നത്.. നാട്ടിന്‍പുറത്തെ തൊഴില്‍ശേഷി പ്രയോജനപ്പെടുത്തി ഇലക്ട്രോണിക്സ് ഘടക നിര്‍മാണ യൂണിറ്റുകളും അസംബ്ലിംഗ് യൂണിറ്റുകളും തുറക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കും വലിയ സാധ്യതയാണ് മേഖലയില്‍ ഒരുങ്ങുന്നത്.