യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾ ചിപ്പ് നിർമ്മാണത്തെ പ്രകടമായി ബാധിച്ചതായി ചൈനീസ് ടെക് കമ്പനിയായ വാവെയ് സിഇഒ റെൻ ഷെങ്ഫെയ്. ഉയർന്ന നിലവാരമുള്ള ചിപ്പുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ ലഭിക്കാതെ വന്നതോടെ കമ്പനി ബുദ്ധിമുട്ടിലായെന്നും, അതിനുള്ള പരിഹാര മാർഗങ്ങൾ കണ്ടെത്താൻ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടയിൽ അസെൻഡ് സീരീസിലുളള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പുകൾ വാവെയ് വിപണിയിലിറക്കിയിരുന്നു. എന്നാൽ യുഎസിൽ പ്രവർത്തിക്കുന്ന മറ്റ് പ്രമുഖ ചിപ്പ് കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ വാവെയ് പിന്നിലാണെന്നും റെൻ സമ്മതിച്ചു. അതിനിടെ, ക്ലസ്റ്റർ കമ്പ്യൂട്ടിങ്, കോമ്പൗണ്ട് ചിപ്പ് ഡിസൈൻ, അഡ്വാൻസ്ഡ് മാത്തമാറ്റിക്സ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സിംഗിൾ ചിപ്പിന്റെ പരിമിതികൾ മറികടക്കാൻ കമ്പനി ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവേഷണത്തിനും വികസനത്തിനുമായി വാവെയ് പ്രതിവർഷം ഏകദേശം 180 ബില്യൺ യുവാൻ നിക്ഷേപിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ യുഎസ് വാണിജ്യ വകുപ്പ് അസെൻഡ് ചിപ്പുകളുടെ ഉപയോഗം കയറ്റുമതി നിയന്ത്രണങ്ങളുടെ ലംഘനമാകാമെന്ന് കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ വാവെയ് മാത്രമാണ് ചൈനയിൽ നിന്ന് ഇത്തരത്തിൽ ചിപ്പുകൾ നിർമ്മിക്കുന്നതെന്നുമാണ് പീപ്പിൾസ് ഡെയ്ലിയ്ക്ക് നൽകിയ അഭിമുഖത്തിൽ റെൻ പറഞ്ഞത്.