പ്രവർത്തനരഹിതമായ ബാങ്ക് അക്കൗണ്ടുകളും ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളും ഇനി എളുപ്പത്തിൽ സജീവമാക്കാം. അതിനായി, ആർബിഐ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ബാങ്ക് ഇടപാടുകൾ നടത്തുന്ന രീതിയിലാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വന്നിരിക്കുന്നത് .
ബാങ്കുകളുടെ ഏത് ശാഖയിലൂടെയും, വീഡിയോ അധിഷ്ഠിത തിരിച്ചറിയൽ പ്രക്രിയ വഴിയും (V-CIP) ബിസിനസ് കറസ്പോണ്ടന്റുമാരുടെ (BC) സേവനം ഉപയോഗിച്ചും കെവൈസി അപ്ഡേറ്റ് ചെയ്യാനാകുമെന്നാണ് ജൂൺ 12ന് പുറത്തിറക്കിയ നിർദേശങ്ങളിൽ പറയുന്നത്.
പത്ത് വർഷമോ അതിൽ കൂടുതലോ ഉപയോഗിക്കാത്ത ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തനരഹിതമായി കണക്കാക്കപ്പെടുന്നു. അതുപോലെ, ക്ലെയിം ചെയ്യപ്പെടാതെ തുടരുന്ന നിക്ഷേപങ്ങളും ഈ വിഭാഗത്തിൽ പെടുന്നു. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്, അത്തരം അക്കൗണ്ടുകളിലെ ബാലൻസ് തുക, ആർബിഐ പരിപാലിക്കുന്ന ഡെപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനെസ് (ഡിഇഎ) ഫണ്ടിലേക്ക് ബാങ്കുകൾ മാറ്റേണ്ടതാണ്. എന്നാൽ ഇനി മുതൽ ഉപഭോക്താക്കൾക്ക് കെവൈസി അപ്ഡേറ്റിനായി ആദ്യം അക്കൗണ്ട് തുടങ്ങിയ ശാഖയെ ആശ്രയിക്കേണ്ടതില്ല. അതിനുപകരം, രാജ്യത്തെ ഏത് ബ്രാഞ്ചിലൂടെയും ഇത് സാധ്യമാകും.
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, വി-സിഐപി വഴിയുള്ള കെവൈസി അപ്ഡേറ്റുകൾക്ക് ബാങ്കുകൾ സൗകര്യം ഒരുക്കണം. വീട്ടിലിരുന്ന് വീഡിയോ കോളിലൂടെയും ഉപഭോക്താക്കൾക്ക് തിരിച്ചറിയൽ പ്രക്രിയ പൂർത്തിയാക്കാം. പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്കും വിദേശത്തുള്ള പ്രവാസികൾക്കും ഈ സംവിധാനം ഏറെ ഉപകാരപ്രദമായിരിക്കും.
ഇതിന് പുറമെ, വിദേശത്തുള്ള ഉപഭോക്താക്കളെ സഹായിക്കുന്നതിന് ബാങ്കിന്റെ അംഗീകൃത ബിസിനസ് കറസ്പോണ്ടന്റുമാർക്ക് ഇത് വഴി അവരുമായി ഇടപെടാനും സാധിക്കും. കെവൈസി അപ്ഡേറ്റ് ആവശ്യമുള്ള ഉപഭോക്താക്കൾക്ക് വീട്ടിലെത്തുന്ന BC-മാർ വഴി ഈ സേവനം ലഭിക്കും.
ഉപഭോക്തൃ സൗകര്യത്തിനായി ടെക്നോളജിയെ സംയോജിപ്പിച്ചുകൊണ്ടാണ് ആർബിഐയുടെ പുതിയ നീക്കം. ബാങ്കിംഗിന്റെ വളർച്ചയും അടിയന്തര ആവശ്യകതകളും മനസ്സിലാക്കി, ആധുനികവും സൗകര്യപ്രദവുമായ സംവിധാനത്തിലേക്ക് ഇന്ത്യയുടെ ബാങ്കിംഗ് മേഖല അതിവേഗം മാറുകയാണ്.