ഒരു കാലത്തെ സൂപ്പർ സ്റ്റാർ. ആ ക്ലാസിക് സ്കൂട്ടറിന്റെ ആകർഷകതയും വിശ്വാസ്യതയും നിലനിർത്തി ബജാജ് ചേതക് ഇവി വിപണിയിൽ അരങ്ങേറ്റം കുറിക്കുകയാണ്. പുതിയ ഇലക്ട്രിക് വേർഷനായ ചേതക് 3001ൽ 3.1kW മോട്ടോറും 3.0kWh ബാറ്ററിയുമാണ് ഉപയോഗിച്ചിരിക്കുന്നത്.
ഒറ്റചാർജിൽ കമ്പനി അവകാശപ്പെടുന്ന മൈലേജ് 127 കിലോമീറ്ററാണ്. ഇതിന്റെ ബാറ്ററി 80 ശതമാനം വരെ ചാർജാകാൻ 3 മണിക്കൂർ 50 മിനിറ്റ് സമയമെടുക്കും. വൈവിധ്യമാർന്ന ആശയവിനിമയവും ഉപയോഗസൗകര്യവുമാണ് ചേതക് 3001 നെ വേറിട്ടതാക്കുന്നത്. ഫ്ലോർബോർഡിലേക്കുള്ള ബാറ്ററി സ്ഥാനം മാറ്റിയതോടെ 35 ലിറ്ററാണ് അണ്ടർസീറ്റ് സ്റ്റോറേജ് വരുന്നത്. പൂർണ്ണ മെറ്റൽ ബോഡി വർക്ക് വരുന്ന ഈ സ്കൂട്ടറിൽ 1,355 മില്ലീമീറ്റർ വീൽബേസും 123 കിലോഗ്രാം ഭാരവുമാണ് ഉള്ളത്.
കോളുകൾ സ്വീകരിക്കാനും മ്യൂസിക് കണ്ട്രോൾ ചെയ്യാനും റിവേഴ്സ് ലൈറ്റ്, ഹിൽ ഹോൾഡ് അസിസ്റ്റ്, ഓട്ടോ-ഫ്ലാഷിംഗ് ബ്രേക്ക് ലൈറ്റുകൾ, ഗൈഡ് മി ഹോം തുടങ്ങി നിരവധി ഫീച്ചറുകളാണ് ചേതക് 3001 ഒരുക്കുന്നത്. സ്റ്റാൻഡേർഡ് വേരിയന്റിൽ ഒരു എൽസിഡി ഡിസ്പ്ലേയും ഉൾപ്പെടുത്തിയിരിക്കുന്നു. ചുവപ്പ്, നീല, മഞ്ഞ എന്നീ മൂന്ന് നിറങ്ങളിൽ പുതിയ ചേതക് വിപണിയിൽ ലഭ്യമാണ്.
പുതിയ 35 സീരീസ് പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ചേതക് 3001, പഴയ 2903 ട്രിമിന് പകരമായാണ് എത്തുന്നത്. 99,990 രൂപയാണ് എക്സ്-ഷോറൂം വില. ബുക്കിംഗുകൾ ആരംഭിച്ച സാഹചര്യത്തിൽ, സ്കൂട്ടറിന്റെ ഡെലിവറികൾ ഈ മാസം അവസാനത്തോടെ ആരംഭിക്കും.