ടെസ്ല ഇറക്കുന്ന റോബോടാക്സി, താൽക്കാലിക സർവീസിന് തയ്യാറെടുക്കുന്നു.
ഈ മാസം 22ന് ടെക്സാസിലെ ഓസ്റ്റിനിൽ റോബോടാക്സി സേവനം ആരംഭിക്കുമെന്ന് കമ്പനി സിഇഒ ഇലോൺ മസ്ക് എക്സിൽ പ്രഖ്യാപിച്ചു. സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ കാരണം ലോഞ്ചിംഗ് തീയതി മാറ്റാമെന്നും അദ്ദേഹം വ്യക്തമാക്കി.
ടെസ്ലയുടെ ഓട്ടോണമസ് ഡ്രൈവിംഗ് പദ്ധതികളിലെ ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ പ്രഖ്യാപനം. വർഷങ്ങളോളം കാലതാമസവും വിമർശനവും നേരിട്ട ടെസ്ലയുടെ ഫുൾ സെൽഫ്-ഡ്രൈവിംഗ് (എഫ്എസ്ഡി) പ്രോഗ്രാമിലെ ഒരു പ്രധാന നാഴികക്കല്ലായിരിക്കും ഇതെന്നും പ്രതീക്ഷിക്കുന്നു. പദ്ധതിക്കനുസരിച്ച്, ഫാക്ടറിയിൽ നിന്നുള്ള ആദ്യത്തെ സ്വയം ഓടുന്ന ടെസ്ല റോബോടാക്സി 28ന് ഉപഭോക്താവിന്റെ വീട്ടിലേക്ക് എത്തുമെന്നാണ് അറിയിപ്പ്. നേരത്തെ, ഡ്രൈവറില്ലാതെ യാത്ര ചെയ്യുന്ന Y മോഡൽ കാറിന്റെ വീഡിയോ മസ്ക് എക്സിൽ പങ്കുവെച്ചിരുന്നു.
ടെസ്ലയുടെ ഈ നീക്കം നിക്ഷേപകരും ടെക് ലോകവും വലിയ ആകാംക്ഷയോടെയാണ് സ്വീകരിച്ചിരിക്കുന്നത്. നേരത്തെ, ഓസ്റ്റിനിൽ ആരംഭിച്ച് ലോസ് ഏഞ്ചൽസ്, സാൻ ഫ്രാൻസിസ്കോ, സാൻ അന്റോണിയോ പോലുള്ള നഗരങ്ങളിലേക്കുള്ള വിപുലീകരണത്തിനുള്ള പദ്ധതി മസ്ക് വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തിൽ ഏകദേശം 10 വാഹനങ്ങളായിരിക്കും സർവീസ് നടത്തുക. ഈ വാഹനങ്ങൾ ജിയോഫെൻസ്ഡ് പരിധിയിലായിരിക്കും പ്രവർത്തിക്കുക. അതായത് നിർദ്ദിഷ്ട പ്രദേശങ്ങളിൽ മാത്രമായിരിക്കും ഓട്ടോണമസ് സംവിധാനങ്ങളിലൂടെ റോബോടാക്സി സർവീസ് നടത്തുക.
എന്നാൽ റോബോടാക്സി, നേരിടുന്ന ചില വെല്ലുവിളികളും ഉണ്ട്. ഇലക്ട്രിക് വാഹന വിൽപ്പനയിലെ കുറവ്, Y മോഡൽ കാറിന്റെ പുതുക്കൽ, എലോൺ മസ്കിന്റെ രാഷ്ട്രീയ പ്രസ്താവനകളിലെ വിവാദങ്ങൾ എന്നിവ ടെസ്ലയുടെ ബിസിനസിന് ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. നികുതി നയത്തെച്ചൊല്ലി മസ്കും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഏറ്റുമുട്ടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഓസ്റ്റിൻ ലോഞ്ച്.അതിനാൽ, റോബോടാക്സിയിൽ പ്രശ്നങ്ങൾ ഉണ്ടായാൽ ഫെഡറൽ സുരക്ഷാ റെഗുലേറ്റർമാരിൽ നിന്ന് കൂടുതൽ പരിശോധനയ്ക്ക് കാരണമാകുമെന്ന് വിശകലന വിദഗ്ധർ പറയുന്നു.