ഇന്ത്യയിൽ തേയിലയുടെ കയറ്റുമതിയും ഉത്പാദനവും ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തിയതായി കണക്കുകൾ. 2024 ജനുവരി മുതൽ ഡിസംബർ വരെ 254.67 ദശലക്ഷം കിലോഗ്രാമിന്റെ കയറ്റുമതിയാണ് രാജ്യം കൈവരിച്ചത്. മുന്‍ വര്‍ഷത്തെ 231.69 ദശലക്ഷം കിലോഗ്രാമുമായി താരതമ്യപ്പെടുത്തുമ്പോള്‍ 9.92 ശതമാനമാണ് വര്‍ധന.
തേയിലയുടെ ഉത്പാദനത്തിലും വളർച്ചാ വർധനവ് ഉണ്ടായതായി ടീ ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഉത്തരേന്ത്യയിലെ എസ്റ്റേറ്റുകളിൽ 2024-ൽ 154.81 ദശലക്ഷം കിലോഗ്രാം തേയിലയാണ് ഉത്പാദിപ്പിച്ചത്, 2023 ലെ 141 ദശലക്ഷത്തിൽ നിന്ന് 9.79 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. ദക്ഷിണേന്ത്യയിലും ഉത്പാദനം 90.69 ദശലക്ഷത്തിൽ നിന്ന് 99.86 ദശലക്ഷം കിലോഗ്രാമായി ഉയർന്നു.10.11 ശതമാനത്തിന്റെ വളർച്ചയോടെയാണ് മുന്നേറ്റം.
2025 ലെ ആദ്യ പാദമായ ജനുവരി മുതൽ മാർച്ച് വരെയുള്ള കണക്കുകളും പുറത്തുവിട്ടതായി ടീ ബോർഡ് അറിയിച്ചു. ഈ സമയത്ത് രാജ്യത്തെ മൊത്തം തേയില ഉത്പാദനം 69.22 ദശലക്ഷം കിലോഗ്രാമിലെത്തി. മുൻവർഷത്തെ അപേക്ഷിച്ച് ആ കാലയളവിൽ ഉണ്ടായിരുന്ന 67.53 ദശലക്ഷത്തിൽ നിന്ന് ചെറിയ തോതിലുള്ള മുന്നേറ്റമാണ് ഉണ്ടായത്.
ഉത്തരേന്ത്യയിൽ ഈ മൂന്നു മാസങ്ങളിൽ ഉത്പാദനം 14.38 ശതമാനം വർധിച്ചു. 39.65 ദശലക്ഷത്തിൽ നിന്ന് 45.35 ദശലക്ഷം കിലോഗ്രാമാണ് ഉയർന്നത്. എന്നാൽ ദക്ഷിണേന്ത്യയിൽ ഉത്പാദനം 14.38 ശതമാനം ഇടിഞ്ഞ് 27.88 ദശലക്ഷത്തിൽ നിന്ന് 23.87 ദശലക്ഷം കിലോഗ്രാമായി കുറഞ്ഞു.