
കൊച്ചി ∙ ഇന്ത്യയിലെ സ്വകാര്യ ബാങ്കിംഗ് മേഖലയിൽ ആറാം സ്ഥാനത്തുള്ള യെസ് ബാങ്ക്, ഇനി ജാപ്പനീസ് നിയന്ത്രണത്തിലേക്ക്. സുമിറ്റോമോ മിത്സൂയി ബാങ്കിങ് കോർപറേഷൻ (SMBC) 51% ഓഹരികൾ സ്വന്തമാക്കാനുള്ള നീക്കം അവസാന ഘട്ടത്തിലാണ്. ആർബിഐ ഈ നിക്ഷേപത്തിന് അനുമതി നൽകിയതായാണ് സൂചന.
ഇപ്പോൾ എസ്ബിഐയുടെ ഉടമസ്ഥതയിലുള്ള 24% ഓഹരികൾ ഏറ്റെടുത്തതിന് ശേഷം, ബാക്കിയുള്ള ഓഹരികൾ പൊതുവിപണിയിൽ നിന്നു വാങ്ങാനാണ് സുമിറ്റോമോയുടെ പദ്ധതി. ഈ ഇടപാടിലൂടെ, യെസ് ബാങ്കിന്റെ ഏറ്റവും വലിയ ഓഹരി ഉടമ സുമിറ്റോമോ മിത്സൂയി ആകും. ഇതുവരെ ഇന്ത്യയിൽ നടന്ന വമ്പൻ ബാങ്ക് ഏറ്റെടുക്കലുകളിൽ ഒന്ന് ഈ ഇടപാട് ആകും.
ഇത് SMBC യുടെ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപമാണ്. മുൻകാലത്ത്, ഫുള്ളർട്ടൺ ഇന്ത്യ ക്രെഡിറ്റ് കമ്പനിയിൽ 74.9% ഓഹരികൾ 200 കോടി ഡോളറിന് വാങ്ങിയിരുന്നു.
2020 മാർച്ചിൽ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് യെസ് ബാങ്കിനെ ആർബിഐ മൊറട്ടോറിയം പ്രഖ്യാപിക്കുകയും, ബോർഡിനെ സസ്പെൻഡ് ചെയ്ത് ഭരണഭാരം അഡ്മിനിസ്ട്രേറ്ററിനു ഏൽപ്പിക്കുകയും ചെയ്തിരുന്നു. പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി, എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ്, എൽഐസി തുടങ്ങിയ സ്ഥാപനങ്ങൾ ഓഹരികളിൽ പങ്കുചേർന്നു.
ഇതിനോടൊപ്പം, അഡ്വെന്റ് ഇന്റർനാഷണൽ, കാർലൈൽ ഗ്രൂപ്പ് എന്നിവയും വലിയ ഓഹരി പങ്കാളികളാണ്. തികച്ചും 51% ഓഹരികൾ SMBC സ്വന്തമാക്കിയാലും, വോട്ടവകാശം 26% മാത്രമായി നിശ്ചയിച്ചിരിക്കുന്നത് ആർബിഐയുടെ മാർഗ്ഗനിർദേശപ്രകാരമാണ്.