അയല്പക്കത്തെ വീട്ടിലെ കാറ് കണ്ട് മോഹിച്ച് നോക്കി നിന്ന മലപ്പുറത്തെ ഒരു സാധാരണ കുടുംബത്തിലെ പയ്യന് വളര്‍ന്നപ്പോള്‍ കാറിന്റെ ലോകത്ത് തന്നെ ബിസിനസ് തുടങ്ങി. കേരളം മുഴുവന്‍ പുതിയൊരു ട്രെന്‍ഡ് തന്നെ അതുണ്ടാക്കി. അതും കടന്ന് ലോകപ്രശസ്ത മാനേജ്മെന്റ് ഗുരു ഡോ. ഫിലിപ് കോട്ലറുടെ പുസ്തകത്തില്‍ വരെ ഇടം നേടി ആ ബിസിനസ് മോഡല്‍.
കോട്ലറുടെ ശ്രദ്ധ പതിഞ്ഞ ആ മലപ്പുറംകാരന് മറ്റാരുമല്ല പ്രീ ഓണ്‍ഡ് ലക്ഷ്വറി കാര്‍ റീറ്റെയ്ല്‍ രംഗത്ത് ട്രെന്‍ഡ് സെറ്ററായ റോയല്‍ ഡ്രൈവിന്റെ സാരഥി കെ. മുജീബ് റഹ്മാനാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ വില്ലാളി വീരന് വിരാട് കോലി ഉപയോഗിച്ച ലംബോര്‍ഗിനി കാര്‍ വരെ കേരളത്തിലെ ഷോറൂമിലെത്തിച്ച ആളാണ് മുജീബ് റഹ്മാന്.അതുവരെ കണ്ടു ശീലിച്ച യൂസ്ഡ് കാര്‍ വില്‍പ്പനയുടെ രീതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായി കസ്റ്റമേഴ്സിന് റോയലായ അനുഭവം നല്കുന്ന രീതിയില്‍ ഷോറൂമുകള്‍ തന്നെ തുറന്നുകൊണ്ടാണ് റോയല്‍ ഡ്രൈവ് വരവറിയിച്ചത്. ലക്ഷ്വറി വാഹനങ്ങള്‍ക്കായുള്ള ആദ്യ ഷോറൂം 2016ല്‍ മലപ്പുറത്ത് തുറന്നു. 2018ല്‍ കോഴിക്കോടും പിന്നാലെ 2022ല്‍ കൊച്ചിയിലൊരു വമ്പന്‍ ഷോറൂമും തുറന്നു.
നിലവില്‍ 120 കോടി രൂപയാണ് റോയല്‍ ഡ്രൈവിന്റെ വിറ്റുവരവ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആയിരം കോടി കമ്പനിയായി മാറാനുള്ള രീതിയിലാണ് റോയല്‍ ഡ്രൈവിന്റെ പ്രവര്‍ത്തനങ്ങള്‍. 2028ല്‍ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറുകയെന്ന വലിയ ലക്ഷ്യവും കമ്പനിക്കുണ്ട്. കൂടാതെ കേരളത്തിനു പുറത്തും വിദേശ രാജ്യങ്ങളിലും ഷോറൂം തുറക്കാനുള്ള പദ്ധതിയും റോയല്‍ ഡ്രൈവിനുണ്ട്.കമ്പനി വലിയ വിപുലീകരണത്തിലേക്ക് കടക്കുമ്പോഴും മികവ് ഉറപ്പാക്കാന്‍ വേണ്ട സിസ്റ്റവും പ്രോസസുമൊക്കെ റോയല്‍ഡ്രൈവ് നടപ്പാക്കിയിട്ടുണ്ടെന്നും മുജീബ് റഹ്മാന് പറയുന്നു.