റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അടുത്ത ധനനയ അവലോകന യോഗം നാളെ തുടങ്ങും. ജൂൺ 4 മുതൽ 6 വരെ നടക്കുന്ന യോഗത്തിൽ റിപ്പോ നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.കഴിഞ്ഞ തവണത്തെ പോലെയുള്ള അഭിപ്രായ വ്യത്യാസങ്ങളൊന്നും ഇത്തവണ സാമ്പത്തിക വിചക്ഷണന്മാർക്കിടയിൽ ഇല്ല.
ഏപ്രിൽ മാസത്തിൽ ഉപഭോക്തൃ വില സൂചിക (CPI) 3.16% ആയി കുറയുകയും, മേയിൽ ഇത് 3.34% ആയി തുടരുകയും ചെയ്ത സാഹചര്യത്തിൽ, റിസർവ് ബാങ്കിന്റെ ലക്ഷ്യമായ 4 ശതമാനത്തിൽ നിന്ന് വളരെ താഴെയാണ് നിലവിലെ നില. ഭക്ഷ്യവിലകളിൽ ഉണ്ടായ ഇടിവാണ് ഈ ചുരുക്കത്തിനുള്ള പ്രധാന കാരണം. വിലക്കയറ്റം നിയന്ത്രണത്തിൽ എത്തിയപ്പോൾ സമ്പദ് വ്യവസ്ഥയ്ക്ക് ആവശ്യമുള്ള വളർച്ചയ്ക്ക് ഊന്നൽ നൽകാനുള്ള സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. അതിനാൽ തന്നെ, നിലവിലെ ധനനയ യോഗത്തിൽ കേന്ദ്ര ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുമെന്നാണ് ബഹുഭൂരിപക്ഷം നിരീക്ഷകരുടെയും വിലയിരുത്തൽ.
ജനുവരി മാസത്തിൽ വിലക്കയറ്റം കൂടുതലായിരുന്നിട്ടും റിപ്പോ നിരക്കിൽ കുറവ് വരുത്തിയിരുന്നു. ഏപ്രിലിൽ അത് തുടരുകയും പോളിസി സ്റ്റാൻസ് ന്യൂട്രലിൽ നിന്നും അക്കൊമൊഡേഷൻ എന്ന നിലയിലേക്ക് മാറ്റുകയും ചെയ്തു. ഇത് വളർച്ചക്ക് ഊന്നൽ നൽകുന്നതിന്റെ അടയാളമായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് പാദങ്ങളിൽ പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞ ജിഡിപി വളർച്ച മറ്റൊരു കാരണമായി പറയുന്നു.അതിനാൽ നാലാം പാദത്തിൽ ശക്തമായ വളർച്ച കൈവരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. അതിന് വേണ്ട പിന്തുണ കേന്ദ്ര ബാങ്ക് നൽകിയതിന്റെ ഫലമായി ആ പാദത്തിലെ വളർച്ച നിരക്ക് 7.4% ആയി ഉയർന്നു.
പണലഭ്യതയും, അടിസ്ഥാന സൗകര്യ വികസനത്തിലേക്കുള്ള സർക്കാർ ചെലവുകളും ചേർന്നപ്പോൾ ഈ സാമ്പത്തിക വർഷത്തിലെ GDP വളർച്ച 6.5% വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് നിലനിൽക്കുമോ എന്നതിൽ സംശയം തുടരുന്നു. ആഗോള തീരുവ അനിശ്ചിതത്വങ്ങൾ, യു.എസ് ഫെഡ് താൽപര്യനിരക്ക്, ചൈനയുടെ മന്ദവ്യാപാരവളർച്ച, യൂറോപ്യൻ വിപണിയിലെ മന്ദഗതികൾ തുടങ്ങി നിരവധി അന്തർദേശീയ ഘടകങ്ങൾ ഇന്ത്യയുടെ ഭാവി വളർച്ചയെ നേരിട്ട് ബാധിച്ചേക്കാം.
ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരും ആർബിഐയും വളർച്ചാ ലക്ഷ്യങ്ങൾ കൈവരിക്കാൻ കൈകോർക്കുന്നത്. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറയ്ക്കും എന്നത് വരെ ഒരു സ്വാഭാവിക നീക്കം ആയിരുന്നു, എന്നാല് ഇത്തവണ അത് 50 ബേസിസ് പോയിന്റ് വരെയാകുമെന്നാണ് സൂചന.
അങ്ങനെയെങ്കിൽ അത് ഭവന – വാഹന – വ്യക്തിഗത വായ്പകൾ എടുത്തിട്ടുള്ള ഇടപാടുകാർക്ക് ഏറെ ആശ്വാസം നൽകും. തവണ തുക കുറയും. പുതിയ വായ്പകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകും. ബിസിനസ് വായ്പകൾ എളുപ്പം കിട്ടും. പലിശ നിരക്കിൽ നിലവിലുള്ളവർക്കും പുതിയവർക്കും ഒരുപോലെ കുറവുണ്ടാകും.
എന്നാൽ , നിക്ഷേപകരിൽ ഇത് ആശങ്കയുണ്ടാക്കും. പുതിയ ബാങ്ക് നിക്ഷേപങ്ങൾക്കും പുതുക്കിയിടുന്ന നിക്ഷേപങ്ങൾക്കും പലിശ നിരക്ക് കുറയും എന്നത് ബാങ്ക് പലിശയെ ആശ്രയിച്ചു കഴിയുന്ന മുതിർന്ന പൗരന്മാർ അടക്കമുള്ള ഇടപാടുകാരുടെ വരുമാനത്തിൽ ഇടിവുണ്ടാക്കും.