തിരിച്ചെത്തി വിദേശ നിക്ഷേപം; അഞ്ചാമത്തെ വലിയ ഓഹരി വിപണിയായി ഇന്ത്യ, ഒരു ടാറ്റാ ഓഹരി കൂടി ലക്ഷം ക്ലബ്ബില്‍.
ഡിസംബറിലെ ഒന്നാംദിനം ആഘോഷത്തിന്റേതാക്കി മാറ്റി ഇന്ത്യന്‍ ഓഹരി സൂചികകള്‍. നിഫ്റ്റി എക്കാലത്തെയും ഉയരം തൊട്ടപ്പോള്‍ സെന്‍സെക്സുള്ളത് പുതിയ ഉയരത്തില്‍ നിന്ന് 450 പോയിന്റുകള്‍ മാത്രം അകലെ. നടപ്പുവര്‍ഷത്തെ രണ്ടാംപാദത്തില്‍ പ്രവചനങ്ങളെ കടത്തിവെട്ടി 7.6 ശതമാനം ജി.ഡി.പി വളര്‍ച്ച ഇന്ത്യ നേടിയതും (Read Details) കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് എക്സിറ്റ് പോളുകളില്‍ ഹിന്ദി ബെല്‍റ്റുകളായ രാജസ്ഥാനിലും മദ്ധ്യപ്രദേശിലും മുന്‍തൂക്കം ലഭിച്ചതും ഓഹരി നിക്ഷേപകരെ സ്വാധീനിച്ചു.
രണ്ടുമാസത്തെ വിറ്റൊഴിയല്‍ ട്രെന്‍ഡിന് വിരാമമിട്ട് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (FIIs) വീണ്ടും ഇന്ത്യന്‍ ഓഹരികള്‍ വന്‍തോതില്‍ വാങ്ങിത്തുടങ്ങിയതും വിപണിയില്‍ ആവേശം വിതറിയിട്ടുണ്ട്. ഒക്ടോബറിലെ മുഖ്യ വ്യവസായ മേഖലയുടെ വളര്‍ച്ച വാര്‍ഷികാടിസ്ഥാനത്തില്‍ 0.7ല്‍ നിന്ന് 12.1 ശതമാനമായി കുതിച്ചുയര്‍ന്നതും നേട്ടമായി.
കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി (Fiscal Deficit) നടപ്പുവര്‍ഷം (2023-24) ബജറ്റില്‍ വിലയിരുത്തിയതിനേക്കാളും താഴെയായിരിക്കുമെന്ന വിലയിരുത്തലുകളും ഓഹരി വിപണിക്ക് ഉന്മേഷം പകരുന്നതാണ്. ഏപ്രില്‍-ഒക്ടോബറില്‍ ബജറ്റ് വിലയിരുത്തലിന്റെ 45 ശതമാനത്തിലേ ധനക്കമ്മി എത്തിയിട്ടുള്ളൂ എന്നതാണ് ആശ്വാസകരമാണ്. ജി.ഡി.പിയുടെ 5.9 ശതമാനം അഥവാ 17.87 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്ന ധനക്കമ്മി.
ഹമാസ്-ഇസ്രായേല്‍ യുദ്ധമടക്കം ഭൗമരാഷ്ട്രീയ പ്രശ്നങ്ങള്‍ (Geopolitical Tensions) അയഞ്ഞതും ക്രൂഡോയില്‍ വില ബാരലിന് 80 ഡോളറില്‍ താഴെയാണെന്നതും അമേരിക്കന്‍ സര്‍ക്കാരിന്റെ 10-വര്‍ഷ ട്രഷറി ബോണ്ട് യീല്‍ഡ് താഴ്ന്നതും ഓഹരി വിപണിക്ക് അനുകൂലമായ ഘടകങ്ങളാണ്.
നിഫ്റ്റിക്ക് പുത്തന്‍ ഉയരം; റെക്കോഡിനരികെ സെന്‍സെക്സ്
അനുകൂല ഘടകങ്ങളുടെ കരുത്തില്‍ തുടക്കംമുതല്‍ ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് നേട്ടത്തിന്റെ ട്രാക്കിലായിരുന്നു. നിഫ്റ്റി ഒരുവേള സര്‍വകാല റെക്കോഡുയരമായ 20,291 വരെ എത്തി. വ്യാപാരാന്ത്യമുള്ളത് റെക്കോഡ് ക്ലോസിംഗ് പോയിന്റായ 20,267ല്‍; ഇന്നത്തെ നേട്ടം 134.75 പോയിന്റ് (0.67%).
സെന്‍സെക്സ് ഇന്നൊരുവേള 67,564 വരെ ഉയര്‍ന്നിരുന്നു. 492.75 പോയിന്റ് (0.74%) നേട്ടത്തോടെ 67,481.19ലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ 15ലെ 67,927 ആണ് സെന്‍സെക്സിന്റെ റെക്കോഡ് ഉയരം. ഇതില്‍ നിന്ന് 446 പോയിന്റ് അകലെയാണ് ഇപ്പോഴുള്ളത്.
നിഫ്റ്റി ഇന്ന് റെക്കോഡ് കുറിച്ചപ്പോള്‍ സെന്‍സെക്സിന് എന്തുകൊണ്ട് അതിന് കഴിഞ്ഞില്ല എന്നതിന് മുഖ്യ ഉത്തരം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചില ഓഹരികളുടെ അസാന്നിധ്യമാണ്. ഉദാഹരണത്തിന് കഴിഞ്ഞദിവസങ്ങളില്‍ വന്‍ കുതിപ്പുണ്ടാക്കിയ അദാനി ഓഹരികള്‍, ഹീറോ മോട്ടോകോര്‍പ്പ് എന്നിവ ‘സെന്‍സെക്സ് 30’ല്‍ ഇല്ല.
കുതിച്ചവരും കിതച്ചവരും
ഐ.ടി.സി., എന്‍.ടി.പി.സി., ആക്സിസ് ബാങ്ക്, എല്‍ ആന്‍ഡ് ടി., ബജാജ് ഫിനാന്‍സ് എന്നിവയാണ് ഇന്ന് സെന്‍സെക്സിനെ മുന്നോട്ട് നയിച്ച പ്രമുഖ ഓഹരികള്‍. പവര്‍ ഫിനാന്‍സ് കോര്പ്പറേഷന്, ഡിക്സോണ്‍ ടെക്നോളജീസ്, ആര്.ഇ.സി., സീ എന്റര്ടെയ്ന്മെന്റ്, ഭാരത് ഡൈനാമിക്സ് എന്നിവയാണ് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. പവര്‍ ഫിനാന്‍സ് ഓഹരി 9.23 ശതമാനം നേട്ടമുണ്ടാക്കി.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ
കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ പുതിയ പദ്ധതികളുടെ മേല്‍നോട്ടത്തിനായി പവര്‍ ഫിനാന്‍സിന് കീഴില്‍ പി.എഫ.സി കണ്‍സള്‍ട്ടിംഗ് എന്ന സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (SPV) സ്ഥാപിച്ചതാണ് ഓഹരികള്‍ക്ക് ഊര്‍ജമായത്.
ഉപസ്ഥാപനമായ പാഡ്ജെറ്റ് ഇലക്ട്രോണിക്സ് നോയിഡയില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ പ്ലാന്റ് തുറന്നതിന്റെ കരുത്തിലാണ് ഡിക്സോണ്‍ ഓഹരികളുടെ കുതിപ്പ്; ഓഹരി 8.14 ശതമാനമാണ് ഉയര്‍ന്നത്. വര്‍ഷം രണ്ടരക്കോടി ഫോണുകള്‍ നിര്‍മ്മിക്കാവുന്ന പ്ലാന്റാണിത്. ചൈനീസ് കമ്പനി ഷവോമിക്ക് വേണ്ടിയുള്ള ഫോണുകളാണ് നിര്‍മ്മിക്കുക.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ
അശോക് ലെയ്ലാന്‍ഡ്, ടാറ്റാ കമ്മ്യൂണിക്കേഷന്‍സ്, എ.പി.എല്‍ അപ്പോളോ ട്യൂബ്സ്, മുത്തൂറ്റ് ഫിനാന്‍സ്, ട്യൂബ് ഇന്‍വെസ്റ്റ്മെന്റ്സ് എന്നിവയാണ് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നഷ്ടം നേരിട്ടത്. 2.42 മുതല്‍ 3.93 ശതമാനം വരെയാണ് ഇവയുടെ നഷ്ടം.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, വിപ്രോ, മാരുതി സുസുക്കി, കോട്ടക് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയാണ് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നഷ്ടം നേരിട്ടത്. 2.42 മുതല്‍ 3.93 ശതമാനം വരെയാണ് ഇവയുടെ നഷ്ടം. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, വിപ്രോ, മാരുതി സുസുക്കി, കോട്ടക് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയാണ് സെന്‍സെക്സില്‍ നഷ്ടം നേരിട്ടത്. ഓഹരി വിപണിയിലെ പുതുമുഖങ്ങളായ ടാറ്റാ ടെക് 7.4 ശതമാനവും ഗാന്ധാര്‍ ഓയില്‍ 7.1 ശതമാനവും ഐ.ആര്.ഇ.ഡി.എ 4 ശതമാനവും നഷ്ടത്തിലാണുള്ളത്.
ടാറ്റയില്‍ നിന്ന് അഞ്ചാമതൊരു കമ്പനി കൂടി ലക്ഷം കോടി രൂപ വിപണിമൂല്യ ക്ലബ്ബില്‍ ഇടംപിടിക്കുന്നതിനും ഇന്ന് വിപണി സാക്ഷിയായി. റീട്ടെയില്‍ ബ്രാന്‍ഡായ ട്രെന്റ് ആണ് ക്ലബ്ബിലെ പുതിയ അംഗം. ടി.സി.എസ്., ടൈറ്റന്, ടാറ്റാ മോട്ടോഴ്സ്, ടാറ്റാ സ്റ്റീല്‍ എന്നിവയാണ് നിലവിലെ അംഗങ്ങള്‍.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ഓഹരി 5 ശതമാനം കുതിച്ച് ഇന്ന് 52-ആഴ്ചത്തെ ഉയരം കണ്ടു. തേജസ് വിമാനമടക്കം പുതിയ പ്രതിരോധ ഓര്‍ഡറുകള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിച്ചതാണ് നേട്ടമായത്.
കേരള ഓഹരികള്‍ സമ്മിശ്രം
കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ മുന്നേറിയ കേരള ആയുര്‍വേദ ഇന്ന് 3.55 ശതമാനം താഴ്ന്നു. പ്രമോട്ടര്‍മാര്‍ക്ക് 26 ശതമാനം വരെ ഓഹരി കൈവശം വയ്ക്കാമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയെങ്കിലും സി.എസ്.ബി ബാങ്കിന്റെ ഓഹരി വില ഇന്ന് ഒരു ശതമാനം താഴ്ന്നു.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം
യൂണിറോയല്‍, കല്യാണ്‍ ജുവലേഴ്സ്, സി.എം.ആര്.എല്‍, കെ.എസ്.ഇ., ഫാക്ട്, റബ്ഫില, അപ്പോളോ ടയേഴ്സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവ ഭേദപ്പെട്ട പ്രകടനം നടത്തി. കൊച്ചിന് ഷിപ്പ്യാര്ഡ് മൂന്ന് ശതമാനം നഷ്ടത്തിലാണ്. ഇസാഫ് ബാങ്ക്, ഇന്‍ഡിട്രേഡ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ ഫിനാന്‍സ്, ടി.സി.എം., വി-ഗാര്‍ഡ്, വണ്ടര്‍ല എന്നിവ നഷ്ടത്തിലാണുള്ളത്.