ഇന്ത്യന്‍ ഓഹരി വിപണിയിൽ പുതിയ ചരിത്രം കുറിച്ച് മുത്തൂറ്റ് ഫിനാൻസ്. വിപണിമൂല്യം (Market Capitalization) 1 ലക്ഷം കോടി രൂപയിലെത്തുന്ന ആദ്യ കേരള കമ്പനിയായി മുത്തൂറ്റ് ഫിനാൻസ്. സംസ്ഥാനത്തെ കോർപറേറ്റ് രംഗത്തിന് അഭിമാന നേട്ടമായി കണക്കാക്കുന്നു.
ബിഎസ്ഇയിൽ ഇന്നത്തെ ആദ്യ സെഷന്റെ തുടക്കത്തിൽ 2.62% നേട്ടവുമായി റെക്കോർഡ് 2,510.90 രൂപയിൽ വ്യാപാരം ചെയ്യുന്ന മുത്തൂറ്റിന്റെ വിപണിമൂല്യം 1,00,803.57 കോടി രൂപയാണ്. എൻഎസ്ഇയിൽ 2.61% ഉയർന്ന് ഓഹരി റെക്കോർഡ് 2,510 രൂപയിൽ വ്യാപാരം ചെയ്യുന്നു.
മുത്തൂറ്റ് ഫിനാൻസ് കേരളത്തിലെ ബാങ്കിതര ധനകാര്യ സ്ഥാപനവും (NBFC) ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ സ്ഥാപനവുമാണ്. കഴിഞ്ഞ ആഴ്ച റിസർവ് ബാങ്ക് പുറപ്പെടുവിച്ച പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് സ്വർണവായ്പ മേഖല കൂടുതൽ ആകർഷകമായി മാറിയതും, കമ്പനിയുടെ ഓഹരി വില വർധിക്കാനുള്ള പ്രധാന കാരണമായി.
രാജ്യത്തെ രണ്ടാമത്തെ വലിയ സ്വർണപ്പണയ വായ്പാക്കമ്പനിയുമായ മണപ്പുറം ഫിനാൻസിന്റെ ഓഹരികളും 1.67% ഉയർന്നാണ് നിലവിൽ വ്യാപാരം ചെയ്യുന്നത്. വിപണിമൂല്യത്തിൽ മറ്റ് കേരള കമ്പനികളേക്കാൾ വളരെയധികം മുന്നിലാണ് മുത്തൂറ്റ് ഫിനാൻസ്.