ഇംഗീഷ് അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പോലുമറിയാതെ ആറാം ക്ലാസ്സില്‍ തോറ്റ് കൂലിപ്പണിക്ക് പോയതായിരുന്നു വയനാടന്‍ കുഗ്രാമത്തില്‍ ജനിച്ച പി സി മുസ്തഫ. എന്നാല്‍ ഇന്ന് 100 കോടി ആസ്തിയുള്ള കമ്പനിയുടെ ഉടമയാണ് ഈ ചെറുപ്പക്കാരന്. പക്ഷെ, ഇതൊരു വ്യക്തിയുടെ ജൈത്രയാത്രയുടെ കഥയല്ല; മറിച്ച് ദാരിദ്യവും അവഹേളനവും സമ്മാനിച്ച കണ്ണീരിന്റെ ഉപ്പുരസമുള്ള പോരാട്ടമാണ്.
ജീവിതത്തില്‍ വിജയം കൊതിക്കുന്ന ആര്‍ക്കും പ്രചോദനത്തിന്റെ ത്രസിപ്പിക്കുന്ന അനുഭവം. കുടുംബപശ്ചാത്തലവും കഴിവുകേടുകളുമൊന്നും ഒന്നിനും തടസ്സമല്ലെന്ന വലിയ പാഠം. പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് വിജയത്തിന്റെ വിഹായസ്സിലേക്ക് വലിയ ദൂരമില്ലെന്ന സത്യമാണ് ഈ ചെറുപ്പക്കാരന് നമ്മെ പഠിപ്പിക്കുന്നത്.
ദാരിദ്ര്യത്തിന്റെ കുട്ടിക്കാലം
കല്‍പ്പറ്റയ്ക്കടുത്ത കുഗ്രാമമായിരുന്ന ചെന്നലോടായിരുന്നു മുസ്തഫയുടെ കുട്ടിക്കാലം. വാപ്പ കൂലിപ്പണിക്ക് പോയി കിട്ടുന്നത് കൊണ്ട് അരിഷ്ടിച്ചുള്ള ജീവിതം. റോഡോ വൈദ്യുതിയിയോ എത്തിനോക്കാത്ത ഗ്രാമത്തില്‍ പ്രൈമറി സ്കൂള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ അത്ത്. ഹൈസ്കൂളില്‍ പോവണമെങ്കില്‍ നാലു കിലോമീറ്റര്‍ നടക്കണം. അതിനാല്‍ മിക്കവരും നാലില്‍ വച്ച് പഠനം നിര്‍ത്തും. മുസ്തഫയുടെ വാപ്പയുടെ സ്ഥിതിയും മറിച്ചായിരുന്നില്ല. ഉമ്മയാണെങ്കില്‍ സ്കൂളിന്റെ പടി ചവിട്ടിയിട്ടില്ല. അതുകൊണ്ട് പഠിക്കാന്‍ പറയാനോ പഠനത്തില്‍ സഹായിക്കാനോ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അപ്പോള്‍ പഠനത്തിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ആറാം ക്ലാസ്സില്‍ നിന്ന് കൂട്ടുകാരെല്ലാം ജയിച്ചപ്പോള്‍ മുസ്തഫ മാത്രം തോറ്റു. വീട്ടിലെ ദാരിദ്ര്യം കൂടിയായപ്പോള്‍ കൂലിപ്പണിക്ക് വാപ്പയ്ക്കൊപ്പം പോവുകയായിരുന്നു ഈ 11 കാരന് പയ്യന്. വീട്ടിലെ നാലു മക്കളില്‍ മൂത്തയാളായിരുന്നു മുസ്തഫ. സഹോദരികളായിരുന്നു മറ്റു മൂന്നുപേരും.
കണക്ക് മാഷ് മാത്യു സാര്‍
ഈ സമയത്ത് ദൈവ ദൂതനെ പോലെ തന്റെ കണക്ക് മാഷ് മാത്യു സാര്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കില്‍ തന്റെ ജീവിതം ചായത്തോട്ടങ്ങളില്‍ ഒടുങ്ങിയേനെ എന്ന് മുസ്തഫ ഓര്‍ക്കുന്നു. മറ്റെല്ലാ വിഷയങ്ങളിലും പഠിക്കാന്‍ വളരെ മോശമായിരുന്ന മുസ്തഫ പക്ഷം, കണക്കില്‍ മിടുക്കനായിരുന്നു. അതുകൊണ്ടുതന്നെ കണക്ക് പഠിപ്പിക്കുന്ന മാത്യു സാറിന് കുട്ടിയെ വലിയ കാര്യവുമായിരുന്നു. ആറാം ക്ലാസ്സില്‍ തോറ്റതിനു ശേഷം കൂലിപ്പണിക്ക് പോവാന്‍ തുടങ്ങിയ മുസ്തഫ വീണ്ടും ക്ലാസ് മുറിയിലെത്തിയത് ഈ മാഷിന്റെ പ്രേരണയായിരുന്നു. ഒരു ദിവസം വീട്ടിലെത്തിയ മാഷ് മുസ്തഫയോട് ചോദിച്ചത് നിനക്കൊരു മാഷാവണോ അതോ കൂലിപ്പണിക്കാരനാവണോ എന്നായിരുന്നു. എനിക്ക് മാഷിനെ പോലെ മാഷായാല്‍ മതിയെന്ന് മുസ്തഫയും.