മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിനെ (MEIL) ഒരു വർഷത്തേക്ക് വിലക്കി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. കാസർഗോഡ് ജില്ലയിലെ എൻ.എച്ച്. 66 ലെ ചെങ്കള-നീലേശ്വരം പാതയിലെ നിർമാണത്തിലെ ഗുരുതര വീഴ്ചകൾക്കാണ് സസ്പെൻഷനും പിഴയും ചുമത്തിയത്.
ഡ്രെയിനേജ് സംവിധാനത്തിലെ പരാജയവും ചരിവ് സംരക്ഷണത്തിലും രൂപകൽപ്പനയിലും ഉണ്ടായ പിഴവുമാണ് തകർച്ചയ്ക്ക് കാരണമെന്ന് എൻഎച്ച്എഐ വിലയിരുത്തി. ഒരു വർഷത്തെ വിലക്കും 9 കോടി രൂപ വരെ പിഴയും നിർദ്ദേശിച്ചുകൊണ്ട് ഒരു കാരണം കാണിക്കൽ നോട്ടീസും കമ്പനിയ്ക്ക് നൽകിയിട്ടുണ്ട്.
77 കിലോമീറ്റർ ദൂരം വീതി കൂട്ടുന്നതിനുള്ള ചുമതല നേടിയ MEIL, ഹൈബ്രിഡ് ആന്വിറ്റി മോഡൽ പ്രകാരം 15 വർഷത്തേക്ക് റോഡ് പരിപാലിക്കേണ്ടത് കമ്പനിയാണ്. തകർച്ച ഉണ്ടായതോടെ, പുനർനിർമ്മാണച്ചെലവിന്റെ പൂർണ ഉത്തരവാദിത്വവും മേഘ എഞ്ചിനീയറിംഗിനാണ്. സംഭവം സാങ്കേതികമായി വിലയിരുത്താനും പുനസംഘടന നിർദേശിക്കാനും NHAI, സിആർആർഐ, ഐഐടി പാലക്കാട്, ജിഎസ്ഐ വിദഗ്ധരുടെ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതി നിർമ്മാണ നിലവാരം വിലയിരുത്തുകയും പരിഹാര നടപടികൾ നിർദ്ദേശിക്കുകയും ചെയ്യും.
മുൻപ്, സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്ന്, മഹാരാഷ്ട്രയിലെ മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്മെന്റ് അതോറിറ്റി (എംഎംആർഡിഎ) 14,000 കോടി രൂപയുടെ രണ്ട് പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളുടെ ടെൻഡർ പ്രക്രിയ റദ്ദാക്കി. ഉയർന്ന ലേലക്കാരായ മേഘ എഞ്ചിനീയറിംഗിന് കരാറുകൾ നൽകിയത് വിവാദമായിരുന്നു.
MEIL-നെതിരെയുള്ള വിലക്കിനൊപ്പം, കമ്പനിയുടെ രാഷ്ട്രീയ ബന്ധങ്ങളും വൻതോതിൽ വിമർശനങ്ങൾ ഉയർത്തുകയാണ്. 2024-ൽ, മേഘ എഞ്ചിനീയറിംഗ് കമ്പനി , ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയ പാർട്ടികൾക്ക് പ്രധാന സംഭാവന നൽകുന്ന സ്ഥാപനങ്ങളിൽ ഒരാളാണെന്ന് തെളിഞ്ഞിരുന്നു. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം, മേഘ എഞ്ചിനീയറിംഗ് മൊത്തം 966 കോടി രൂപയുടെ അതായത് ഏകദേശം 60 ശതമാനം ബിജെപിക്ക് സംഭാവന ചെയ്തു.
ലഭ്യമായ കണക്കുകൾ പ്രകാരം, എംഇഐഎൽ ആകെ 966 ബോണ്ടുകൾ വാങ്ങി, അതിൽ 584 ബോണ്ടുകളിൽ ഭൂരിഭാഗവും ബിജെപിക്കാണ് ലഭിച്ചത്. ഭാരത് രാഷ്ട്ര സമിതിക്ക് 195 ബോണ്ടുകളും ദ്രാവിഡ മുന്നേറ്റ കഴകത്തിന് 85 ബോണ്ടുകളും വൈഎസ്ആർ കോൺഗ്രസ് പാർട്ടിക്ക് 37 ബോണ്ടുകളും ലഭിച്ചു. കൂടാതെ, തെലുങ്കുദേശം പാർട്ടിക്ക് 28 ബോണ്ടുകളും ഐഎൻസിക്ക് 18 ബോണ്ടുകളും ബീഹാർ പ്രദേശ് ജനതാദളിന് 10 ബോണ്ടുകളും ജനതാദളിന് അഞ്ച് ബോണ്ടുകളും ജനസേന പാർട്ടിക്ക് നാല് ബോണ്ടുകളുമാണ് ലഭിച്ചത്.