ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മിത ബുദ്ധി പ്ലാറ്റ്ഫോമാണ് പിൽസ്ബീ
മലയാളികളുടെ നേതൃത്വത്തിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാറ്റ്ഫോമായ പില്‍സ്ബീക്ക് കേരള ഏയ്ഞ്ചല്‍ നെറ്റ്വര്ക്കില് നിന്ന് (KAN) 1.53 കോടി രൂപയുടെ നിക്ഷേപം. ഫാര്‍മസികള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ കാര്യക്ഷമമായി സംഭരിക്കാനും തടസ്സങ്ങളില്ലാതെ ക്രെഡിറ്റ് ആക്സസ് ചെയ്യാനും സഹായിക്കുന്ന ബി2ബി പ്ലാറ്റ്ഫോമാണ് പില്‍സ്ബീ. നിര്‍മ്മിത ബുദ്ധി (എ.ഐ) ഉപയോഗിച്ചാണ് പ്ലാറ്റ്ഫോമിന്റെ പ്രവര്‍ത്തനം.
കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയ ഇ.എം അഭിജിത്ത്, വി. മുഹമ്മദ് റിസ്വാന്, കെ.നിഥുന് എന്നിവര്‍ ചേര്‍ന്ന് 2019ല്‍ സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനിയായ കാലിക്സ്ബി പ്രൈവറ്റ് സൊല്യൂഷന്‍സിന്റെ ആദ്യ സംരംഭമാണ് പില്‍സ്ബീ.
ഫാര്‍മസ്യൂട്ടിക്കല്‍ നെറ്റ്വര്‍ക്ക്
റീറ്റെയ്ല്‍ ഫാര്‍മസികള്‍, ഡിസ്ട്രിബ്യൂട്ടര്‍മാര്‍, മാനുഫാക്ചറിംഗ് കമ്പനികള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന പ്ലാറ്റ്ഫോമാണ് പില്സ്ബി. ഫാര്‍മസികള്‍ക്ക് അവര്‍ക്കാവശ്യമായ സ്റ്റോക്കുകള്‍ ഈ പ്ലാറ്റ്ഫോം വഴി വാങ്ങാനാകും. മാത്രമല്ല ഫാര്മസികള്ക്കാവശ്യമായ മൂലധന വായ്പകളും മറ്റും ലഭ്യമാക്കുകയും ചെയ്യുന്നു. ബാങ്കുകളും എന്‍.ബി.എഫ്.സികളുമായി സഹകരിച്ചാണ് ഇത് സാധ്യമാക്കുന്നത്.
ഫാര്‍മസികള്‍ക്കായി പി.ഒ.എസ് പ്ലാറ്റ്ഫോമുകളും പില്സ്ബി ഒരുക്കി നല്‍കുന്നുണ്ട്. മൂന്ന് ലക്ഷത്തിലധികം ബ്രാന്‍ഡഡ് മരുന്നുകളാണ് ഫാര്‍മസികള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നത്. അതുകൊണ്ടു തന്നെ ഇന്‍വെന്ററി മാനേജ്മെന്റ് ഫാര്‍മസികള്‍ക്ക് വലിയ തലവേദനയാണ്. ഇതിനു പരിഹാരമാണ് പി.ഒ.എസ് പ്ലാറ്റ്ഫോമെന്ന് കമ്പനിയുടെ സി.ഇ.ഒ അഭിജിത്ത് പറഞ്ഞു. സ്റ്റോക്കുകള്‍ തീരുന്നമുറയ്ക്ക് തന്നെ ഓര്‍ഡര്‍ നല്‍കാനും ലഭ്യത ഉറപ്പാക്കാനും ഇതു വഴി സാധിക്കും.
ക്രെഡിറ്റും ലഭിക്കും
ഫാര്‍മസികള്‍ക്ക് പില്‍സ്ബീ മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് പ്ലാറ്റ്ഫോമില്‍ ചേരാം. ഫാര്‍മസികളുടെ ഓതന്റിസിറ്റി പരിശോധിച്ചശേഷം അവര്‍ക്ക് രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപവരെയുള്ള ക്രെഡിറ്റ് ലിമിറ്റ് അപ്രൂവ് ചെയ്ത് നല്‍കും. തുടര്‍ന്ന് പ്ലാറ്റ്ഫോമില്‍ ബന്ധിപ്പിച്ചിട്ടുള്ള ഏതൊരു ഡിസ്ട്രിബ്യൂട്ടറില്‍ നിന്നും ഇവര്‍ക്ക് മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്യാനാകും. തൊട്ടടുത്ത ദിവസം തന്നെ ഇവ ഫാര്‍മസിയില്‍ ലഭ്യമാകുകയും ചെയ്യും.
സാധാരണ ആളുകള്‍ക്ക് മരുന്നുകള്‍ വാങ്ങുന്നതിനുള്ള ഇ-ഫാര്മസിയായിട്ടായിരുന്നു തുടക്കമെങ്കിലും ബി2ബി പ്ലാറ്റ്ഫോമിനുള്ള സാധ്യതകള്‍ മനസിലാക്കി പൂര്‍ണമായും അതിലേക്ക് മാറുകയായിരുന്നുവെന്ന് അഭിജിത്ത് പറഞ്ഞു. കോഴിക്കോട് ആസ്ഥാനമായാണ് കമ്പനിയുടെ പ്രവര്‍ത്തനം.
കേരളത്തില്‍ ഇതിനകം 1,500ലധികം ഫാര്‍മസികളുമായും 50ലധികം വിതരണക്കാരുമായും പില്‍സ്ബീ കൈകോര്‍ത്തു കഴിഞ്ഞു. ദക്ഷിണേന്ത്യയില്‍ ഉടനീളം സാന്നിധ്യം വ്യാപിപ്പിക്കാനും ഫാര്‍മസി മാനേജ്മെന്റിനു വേണ്ടിയുള്ള സമഗ്രമായ പ്ലാറ്റ്ഫോം വികസിപ്പിക്കാനുമാകും പുതിയ നിക്ഷേപം വിനിയോഗിക്കുകയെന്നും അഭിജിത്ത് പറഞ്ഞു.
രാഹുല്‍ മാമ്മന്‍, ഹരികൃഷ്ണന് നായര്‍, മനീഷ് ബഫ്ന, മുഹമ്മദ് ഫര്‍സാദ്, ജോണ്‍ ചാക്കോ നേര്‍ത്ത്, രേവതി കൃഷ്ണ, ജോസ് പോള്‍ മാത്യു, അജി എബ്രഹാം, ശ്രീ. ക്യൂ, വിവേക് വേണുഗോപാല്‍, ദിവ്യകുമാര്‍ ജെയിന് തുടങ്ങി കേരള എയ്ഞ്ചല്‍ നെറ്റ്വര്‍ക്കിന്റെ പ്രമുഖ നിക്ഷേപകരുടെ കൂട്ടായ്മയാണ് ഫണ്ടിംഗ് നല്‍കുന്നത്.
പുതിയ പദ്ധതികള്‍
മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്ക് വിപണിയിലെ ഡിമാന്‍ഡ് മനസിലാക്കി മരുന്നുകളുടെ ഉത്പാദനം കൂട്ടാനും കുറയ്ക്കാനും സഹായിക്കുന്ന അനലറ്റിക്കല്‍ പ്ലാറ്റ്ഫോം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. കൂടാതെ അടുത്ത എട്ട് മാസത്തിനുള്ളില്‍ കേരളത്തിലെ 15,000 ഫാര്‍മസികളിലേക്ക് പ്ലാറ്റ്ഫോമിനെ എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുവെന്ന് അഭിജിത്ത് പറയുന്നു. കേരളത്തിന് പുറത്ത് പ്രധാന രണ്ട് മൂന്ന് നഗരങ്ങളിലേക്കും ഉടന്‍ തന്നെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. മുഹമ്മദ് റിസ്വാനാണ് കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസര്‍, നിഥുന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്, കുസാറ്റ് റൂസ ഫൗണ്ടേഷന്, ഓപ്പണ്അപ് ആക്സിലറേറ്റര്‍, മൈക്രോസോഫ്റ്റ് എന്നിവിടങ്ങളില്‍ നിന്നായി 30 ലക്ഷം രൂപയുടെ സ്റ്റാര്‍ട്ടപ്പ് ഗ്രാന്റും പില്‍സ്ബീക്ക് ലഭിച്ചിട്ടുണ്ട്.
2 Comments
Hello there, You’ve done a great job. I will definitely digg it and personally recommend to my friends.
I’m confident they will be benefited from this site.
you are in reality a just right webmaster The site loading velocity is incredible It seems that you are doing any unique trick In addition The contents are masterwork you have performed a wonderful task on this topic