അടുത്ത പതിനഞ്ച് വർഷത്തേക്ക് ഹെവി വാഹനങ്ങൾക്കും ബസുകൾക്കും എൽഎൻജി ആയിരിക്കും ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ഇന്ധനമെന്ന് കൗൺസിൽ ഓൺ എനർജി, എൻവയോൺമെന്റ് ആൻഡ് വാട്ടറിന്റെ (CEEW) പുതിയ പഠനം പറയുന്നു.
ഇപ്പോൾ ഇന്ത്യയിലെ വലിയ വാഹനങ്ങൾ ഇലക്ട്രിക് മോഡലുകളിൽ മാറുന്നുവെങ്കിലും, ദീർഘദൂര യാത്രകളും പ്രവർത്തന ചെലവുകളും പരിഗണിക്കുമ്പോൾ എൽഎൻജി ഇന്നും ഉത്തമ സാമ്പത്തിക മോഡലാണ്. പഠനത്തിൽ പറഞ്ഞിരിക്കുന്നത് പ്രകാരം, ഇലക്ട്രിക് വാഹനങ്ങൾ ഇപ്പോഴും ഹെവി വാഹന മേഖലയിൽ ഉയർന്ന ചെലവുള്ളതാണെന്നും പ്രത്യേകിച്ച് കൂടുതൽ ദൂരം സഞ്ചരിക്കേണ്ട വാഹനങ്ങൾക്ക് ഇത് ബാധകമാണെന്നും വ്യക്തമാണ്.
ഇലക്ട്രിക് വാഹനവിപണി ഇരുചക്ര- മുചക്ര വാഹനങ്ങൾ, ടാക്സികൾ, സ്വകാര്യ കാറുകൾ തുടങ്ങിയ മേഖലകളിൽ വളർച്ചയിലാണ്. പെട്രോൾ മോഡലുകളെ അപേക്ഷിച്ച് ഇ-വാഹനങ്ങൾക്ക് കിലോമീറ്ററിന് കുറഞ്ഞ ചെലവാണെന്നും പഠനം വ്യക്തമാക്കുന്നു.
അറ്റകുറ്റപ്പണി ചെലവുകൾ വർദ്ധിക്കുന്നതിനനുസരിച്ച്, ഇലക്ട്രിക് വാഹനങ്ങൾക്കും മറ്റ് ഇന്ധനങ്ങൾക്കും ഇടയിലുള്ള ചെലവിൻ്റെ വിടവ് കുറയുന്നു. അത്തരത്തിലും എല്ലാ സാഹചര്യങ്ങളിലും ഏറ്റവും ലാഭകരമായ ഓപ്ഷൻ എൽഎൻജിയാണ്.
എൽഎൻജി വ്യാപനത്തിന് സഹായകരമായ നിർദ്ദേശങ്ങളും പഠനം മുന്നോട്ടുവച്ചു.എൽഎൻജി ഇറക്കുമതി ടെർമിനലുകൾ വഴി നേരിട്ട് വിതരണം സാധ്യമാക്കുന്നത്, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ കമ്പനികളുടെ നികുതി ഭാരം ഒഴിവാക്കുന്നതിലൂടെ വില കുറയ്ക്കാനാകും. ഇതിന് പിന്നാലെ പ്രധാന ഹൈവേകളിൽ എൽഎൻജി സ്റ്റേഷനുകൾ സ്ഥാപിക്കാനും ശുപാർശയുണ്ട്.