ഐവെയർ റീട്ടെയിൽ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ പ്രമുഖ ഒമ്നിചാനൽ കമ്പനിയായ ലെൻസ്കാർട്ടിൻ്റെ മൂല്യം വർധിച്ചു. യുഎസ് ആസ്ഥാനമായുള്ള ഫിഡിലിറ്റി ഇൻവെസ്റ്റ്മെന്റ്സ്, ഏപ്രിൽ 30 ലെ ഏറ്റവും പുതിയ പോർട്ട്ഫോളിയോ അപ്ഡേറ്റിൽ ലെൻസ്കാർട്ടിന്റെ മൂല്യം 6.1 ബില്യൺ ഡോളറായി ഉയർത്തി. ഇതോടെ നവംബർ മാസത്തെ 5.6 ബില്യൺ ഡോളറായുള്ള മൂല്യനിർണ്ണയത്തിൽ നിന്ന് 21 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ലെൻസ്കാർട്ട് ഒരു പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) തയ്യാറെടുക്കുന്നതിനിടെയാണ് മൂല്യനിർണ്ണയത്തിൽ ഈ വർദ്ധനവ് സംഭവിക്കുന്നത്. ഏകദേശം 10 ബില്യൺ ഡോളറിന്റെ മൂല്യനിർണ്ണയത്തിൽ 1 ബില്യൺ ഡോളർ സമാഹരിക്കാനാണ് ലെൻസ്കാർട്ടിന്റെ ശ്രമമെന്നും റിപ്പോർട്ടുകൾ പറയുന്നു. 2024 ജൂണിൽ ടെമാസെക്കുമായി ചേർന്ന് 200 മില്യൺ ഡോളറിന്റെ പുതിയ ഫണ്ടിംഗ് റൗണ്ടിൽ ഫിഡിലിറ്റിയും പങ്കെടുത്തു. ഈ നിക്ഷേപം കമ്പനിയുടെയും മൂല്യത്തിന്റെയും ഉയർച്ചക്ക് വഴിയൊരുങ്ങി. തുടർന്നും സിഇഒ പെയൂഷ് ബൻസൽ നേതൃത്വത്തിൽ 20 മില്യൺ ഡോളറിന്റെ അധിക നിക്ഷേപവും നടന്നു.
ട്രാക്ക്സ് നൽകുന്ന വിവരങ്ങൾ പ്രകാരം, ലെൻസ്കാർട്ട് ഇതുവരെ 19 ഫണ്ടിംഗ് റൗണ്ടുകളിൽ ആകെ 1.08 ബില്യൺ ഡോളറാണ് സമാഹരിച്ചത്. ഇനി കമ്പനി ഈ മാസാവസാനത്തോടെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)ക്ക് തങ്ങളുടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (DRHP) സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
2023 സാമ്പത്തിക വർഷത്തിൽ 63 കോടി രൂപ നഷ്ടം നേരിട്ട ലെൻസ്കാർട്ട്, 2024ൽ അതിനെ 84% കുറച്ച് 10 കോടി രൂപയായി കുറയ്ക്കാൻ സാധിച്ചു. അതേസമയം, അതിന്റെ പ്രവർത്തന വരുമാനം 43% ഉയർന്ന് 5,427.7 കോടി രൂപയായി. 2025ലെ സാമ്പത്തിക ഫലങ്ങൾ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല.