നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം
കൊച്ചിക്കാരൻ ദീപു തുടങ്ങിയ ബിവറേജ് സ്റ്റാർട്ടപ്
കറുത്ത മുത്തും സുഗന്ധവ്യഞ്ജനങ്ങളുമായി കേരളത്തിലെത്തിയ പോർച്ചുഗീസുകാരുടെ ഒരു കപ്പൽ കൊച്ചി ഹാർബറിനോട് അടുക്കാൻ ശ്രമിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പാണെന്ന് ഓർക്കണം.ആ കപ്പൽ കാറ്റിലും കോളിലും പെട്ട് ആടിയലുലഞ്ഞ് കടലിൽ മുങ്ങിത്താണു. അതിലുണ്ടായിരുന്ന മദ്യവീപ്പകൾ തേടി കൊച്ചിയിലെ ചിലർ കടലിൽ മുങ്ങാംകുഴിയിട്ടു.
അങ്ങനെ സ്വന്തമാക്കിയ മദ്യവീപ്പകളുടെ കഥകളിൽ നിന്ന് വർഷങ്ങൾക്കിപ്പുറം ഒരു തനി കൊച്ചിക്കാരൻ പുതിയൊരു മദ്യബ്രാൻഡ് തുടങ്ങി. പോർച്ചുഗീസുകാർക്ക് വഴിയൊരുക്കിയ കൊച്ചിയുടെ അഴിമുഖത്തുള്ള പാലം ദീപുവിന്റെ ബ്രാൻഡായി. ഹാർബർ ബ്രിഡ്ജ്! ദീപു കെ. പ്രകാശ് ഹാർബർ ബ്രിഡ്ജ് (HARBOUR BRIDGE) എന്ന ആൽക്കഹോൾ സ്റ്റാർട്ടപ് തുടങ്ങിയതിന്റെ കഥ അവിടെ തുടങ്ങുന്നു. പോർച്ചുഗീസുകാർ കൊണ്ടുവന്ന മദ്യബാരലുകളിൽ നിന്ന് കൊച്ചി നുണഞ്ഞ രുചി വിസ്ക്കിയുടെ ചേരുവയായി. പഴമക്കാരിൽ നിന്ന് കേട്ടറിഞ്ഞതും അന്വേഷിച്ച് കണ്ടെത്തിയതുമായി ആ ഫ്ലേവറുമായി ദീപു ഗോവയിലെത്തി. അവിടെ മാസ്റ്റർ ബ്ലൻഡർമാർ പുതിയൊരു വിസ്കിയുണ്ടാക്കി, ഹാർബർ ബ്രിഡ്ജ്. അടുത്ത ആഴ്ച വിസ്കി ഗോവൻ മാർക്കറ്റിലെത്തും. തൊട്ടുപിന്നാലെ പുതുച്ചേരിയിലും.
രുചിയുടെ പാരമ്പര്യം ബിസിനസിന്റെയും
സ്റ്റാർട്ടപ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കമ്പനി വിഎൽ7 (VL7) ആണ് ഹാർബർ ബ്രിഡിജ് എന്ന ബ്രാൻഡിൽ ബിവറേജുകൾ നിർമ്മിക്കുന്നത്. ഫൗണ്ടറും സിഇഒയുമായ ദീപു മൂന്നാം തലമുറ ആൽക്കഹോൾ ബിസിനസുകാരനാണ്. 40 വർഷത്തോളം മദ്യ വ്യവസായത്തിൽ പ്രവർത്തിച്ച മുത്തച്ഛന്റെ പാരമ്പര്യം ലോകം മുഴുവൻ അറിയിക്കുകയാണ് സ്വന്തം മദ്യ ബ്രാൻഡിലൂടെ ദീപു. മുത്തച്ഛൻ വാവയുടെയും മുത്തശ്ശി ലക്ഷ്മിയുടെയും പേരിൽ നിന്നാണ് മാതൃകമ്പനിയുടെ പേര് കണ്ടെത്തിയത്.
ആൽക്കഹോൾ സ്റ്റാർട്ടപ്പ് തുടങ്ങാൻ ദീപു തിരഞ്ഞെടുത്ത സമയം തെറ്റിയില്ല. ഇന്ത്യൻ വിസ്കിയെയും ലിക്കറിനെയും ലോകം തിരിച്ചറിഞ്ഞ് തുടങ്ങുന്ന സമയത്താണ് ഹാർബർ ബ്രിഡ്ജ് വിസ്കി മാർക്കറ്റിലേക്ക് എത്തിക്കുന്നത്. സ്വിറ്റ്സർലൻഡിലും ഓസ്ട്രേലിയയിലും പഠിച്ച ദീപുവിന് വിസ്കി, ബീർ എന്നിവയെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും അവസരം കിട്ടി. ആൽക്കഹോൾ സ്റ്റാർട്ടപ്പ് തുടങ്ങുന്നത് ഈ അറിവിന്റെ ബലത്തിൽ കൂടിയാണ്. ബീവറേജ് നിർമാണത്തിൽ 40-50 വർഷം പരിചയമുള്ളവരാണ് ദീപുവിന്റെ ടീമിലുള്ളത്.