കേരള സർക്കാർ നടപ്പാക്കുന്ന സാന്ത്വന ചികിത്സയിൽ കേരളത്തിൻ്റെ സമഗ്ര മാതൃകയായ കേരളാ കെയർ സാർവത്രിക പാലിയേറ്റീവ് പദ്ധതിയിൽ സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിൽ പങ്കുവച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട് തങ്ങളുടെ പ്രദേശത്തെ രോഗികൾക്ക് ആഴ്ചയിൽ കുറഞ്ഞത് ഒരു മണിക്കൂർ ചെലവഴിക്കാനായി താല്പര്യമുള്ളവർക്ക് sannadhasena.kerala.gov.in/volunteerregistration എന്ന വെബ്സൈറ്റിൽ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാം.സാമൂഹിക ആരോഗ്യ പദ്ധതിയുടെ ഭാഗമായി ജൂൺ 15 വരെ ഓൺലൈൻ രജിസ്ട്രേഷൻ ഉണ്ടാകും.
ജില്ലാ തലത്തിൽ ഓരോ 30 വോളൻ്റിയർമാർ തികയുമ്പോൾ ആ ബാച്ചിന്റെ പരിശീലനം ആരംഭിക്കും. ഓരോരുത്തർക്കും മൂന്ന് ദിവസത്തെ പരിശീലനത്തിന് ശേഷം പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ നിയോഗിക്കും. 30 വോളണ്ടിയർമാർക്ക് ശേഷം ഓരോ ബാച്ചായും പരിശീലനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം, ഗ്രാമ-നഗര, എപിഎൽ / ബിപിഎൽ വ്യത്യാസമില്ലാതെ പാലിയേറ്റീവ് പരിചരണം ആവശ്യമായ എല്ലാ ആളുകളേയും കുടുംബങ്ങളേയും കണ്ണിചേർത്തുകൊണ്ട് മികച്ച പരിചരണം ഉറപ്പാക്കാനായി ജനകീയ മാതൃക ഒരുക്കാനാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
സേവനം ആവശ്യമുള്ളവരുടെ വിവരശേഖരണവും രജിസ്ട്രേഷനും തുടരുകയാണ്. വെബ്സൈറ്റിലൂടെ നേരിട്ട് രജിസ്റ്റർ ചെയ്യാനും സൗകര്യമൊരുക്കുന്നതാണ്. സന്നദ്ധ സേവനം നടത്തുന്ന 1101 എൻജിഒകളും സിബിഒകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആരോഗ്യവകുപ്പും തദ്ദേശവകുപ്പും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കിടപ്പുരോഗികൾക്ക് സാന്ത്വനചികിത്സ ഉറപ്പാക്കുന്ന കേരളത്തിന്റെ സവിശേഷമായ ഈ സംവിധാനത്തെ ലോകാരോഗ്യ സംഘടന തന്നെ മാതൃകാപരമെന്ന് വിശേഷിപ്പിച്ചിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കേരളാ കെയറിന് രൂപം നൽകിയത്.