ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ തുടർന്ന് എണ്ണവില കുതിക്കുന്നു. ഇതിൻ്റെ സ്വാധീനത്തിൽ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഒഎൻജിസി) ഓഹരികളും നേട്ടമുണ്ടാക്കി. വെള്ളിയാഴ്ച ഓഹരികൾ 2.21 പോയിന്റ് ഉയർന്ന് 250.09 എന്ന നിലയിൽ വ്യാപാരം നടത്തി. കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങായ 247.88 ൽ നിന്ന് 0.89 ശതമാനം വർധിച്ചു.
മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ആഗോള ക്രൂഡ് ഓയിൽ 255.55 ൽ നിന്ന് ഓഹരി വില 255.95 ലെത്തുകയും പിന്നീട് ഓഹരി താഴേക്കെത്തുകയും ചെയ്തു. എങ്കിലും, ആകെ നിലവാരം വർദ്ധിച്ചുതന്നെയാണ്. ബ്രെന്റ് ഓയിൽ ഫ്യൂച്ചറുകൾ 9.10 ശതമാനം ഉയർന്ന് 75.67 ഡോളറിലും WTI ക്രൂഡ് ഓയിൽ 9.32 ശതമാനം ഉയർന്ന് 74.38 ഡോളറിലും എത്തി.
“ഇസ്രായേലിനും ഇറാനും ഇടയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ കടുത്ത വിതരണ തടസ്സങ്ങൾ ഉണ്ടാകുമെന്ന ആശങ്ക ഉളവാക്കിയതോടെ, അസംസ്കൃത എണ്ണ ഫ്യൂച്ചറുകൾ ബാരലിന് 10 ശതമാനത്തിലധികം ഉയർന്ന് 76 ഡോളറിലെത്തി. ഇത് രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്,” മേത്ത ഇക്വിറ്റീസ് ലിമിറ്റഡിലെ കമ്മോഡിറ്റീസ് വൈസ് പ്രസിഡൻ്റായ രാഹുൽ കലാൻട്രി പറഞ്ഞു. നിർണായകമായ ആഗോള എണ്ണ ഗതാഗത മാർഗമായ ഹോർമുസ് കടലിടുക്കിന് ഉണ്ടാകാൻ സാധ്യതയുള്ള ഭീഷണികളെക്കുറിച്ചുള്ള ആശങ്കകളും സംഘർഷം ഉയർത്തുന്നു.
അതേ സമയം, യുഎസിലെ ക്രൂഡ് ഓയിൽ ഇൻവെൻ്ററുകളിൽ പ്രതീക്ഷിച്ചതിലധികം കുറവുണ്ടായതും വിലക്കയറ്റത്തിന് ഇടയാക്കി. യുഎസിലെ ദുർബലമായ പണപ്പെരുപ്പ നിലയെ തുടർന്ന് ഫെഡറൽ റിസർവ് സെപ്റ്റംബർ മാസത്തോടെ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ശക്തമായതും ഭാവിയിലെ ആവശ്യകത വർദ്ധിപ്പിക്കുന്നതിനുള്ള സൂചനയായി വിലയിരുത്തപ്പെടുന്നു.
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ജൂണിൽ ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ 6,194 ൽ വ്യാപാരം ചെയ്തു. മുൻ ക്ലോസായ 5,844 ൽ നിന്ന് 5.99 ശതമാനമാണ് വർദ്ധിച്ചത്. ഭാവിയിലും എണ്ണവില അസ്ഥിരത തുടരാനിടയുണ്ടെന്നാണ് വിദഗ്ധനിരീക്ഷണം.