ബംഗ്ലാദേശിൽ നിന്നുള്ള ചണം, നെയ്ത തുണിത്തരങ്ങൾ, നൂൽ എന്നിവയുടെ ഇറക്കുമതിയിൽ പുതിയ മാറ്റവുമായി ഇന്ത്യ. ഇനി മുതൽ ബംഗ്ലാദേശിൽ നിന്ന് കര അതിർത്തി വഴിയുള്ള ഇറക്കുമതി പാടില്ല. പകരം മുംബൈയിലെ നവ ഷേവ തുറമുഖം വഴി മാത്രമേ ഇറക്കുമതി അനുവദിക്കുവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
ആഭ്യന്തര ചണ വ്യവസായത്തെ സംരക്ഷിക്കുകയാണ് പുതിയ മാറ്റത്തിന് പിന്നിലെ ലക്ഷ്യം. പശ്ചിമബംഗാൾ, ബീഹാർ, അസം, ഒഡീഷ, ത്രിപുര, ആന്ധ്രാപ്രദേശ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ നാല് ലക്ഷത്തോളം തൊഴിലാളികൾ ഉൾപ്പെടുന്ന ഈ മേഖലയെ ബംഗ്ലാദേശിൽ നിന്ന് കുറഞ്ഞ വിലയിൽ വരുന്ന കയറ്റുമതി സബ്സിഡികൾ കനത്തമായി ബാധിച്ച സാഹചര്യത്തിലാണ് തീരുമാനം. ബംഗ്ലാദേശ് ഉൽപ്പന്നങ്ങൾ ഇന്ത്യയിലെ വില തകർത്തതിന്റെ പശ്ചാത്തലത്തിൽ, ചണ കർഷകരുടെ വരുമാനത്തെ നേരിട്ട് ബാധിച്ചുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ലാൻഡ് കസ്റ്റംസ് സ്റ്റേഷനുകൾ ഒഴികെ, നവ ഷെവ, കൊൽക്കത്ത തുറമുഖങ്ങളിലേക്ക് റെഡിമെയ്ഡ് ഗാർമെന്റ്സ് (ആർഎംജി), സംസ്കരിച്ച ഭക്ഷണങ്ങൾ, പ്ലാസ്റ്റിക്കുകൾ തുടങ്ങിയ മറ്റ് വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നത് പരിമിതപ്പെടുത്തിക്കൊണ്ട് 2025 മെയ് മുതൽ ഏർപ്പെടുത്തിയ മുൻ നിയന്ത്രണങ്ങളെ തുടർന്നാണ് ഏറ്റവും പുതിയ നിയന്ത്രണങ്ങൾ വന്നത്. ഈ നിയന്ത്രണം ഇന്ത്യൻ നിർമ്മാണ മേഖലയുടെ വളർച്ചക്ക് 1,000-2,000 കോടി വരെയുള്ള പ്രതിവർഷ വരുമാനം നൽകാനാകുമെന്നാണ് വ്യവസായ വിദഗ്ധർ വിലയിരുത്തുന്നത്.
നേപ്പാൾ, ഭൂട്ടാൻ വഴി ബംഗ്ലാദേശ് ഉൽപ്പന്നങ്ങൾ വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നത് പോലും നിയന്ത്രണവിധേയമാക്കിയതോടെ, കർശനമായ നിയന്ത്രണങ്ങളിലേക്ക് ഇന്ത്യ നീങ്ങുകയാണെന്ന് വ്യക്തമാണ്.