ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ കുറച്ചു. 20 ശതമാനത്തിൽ നിന്നും 10 ശതമാനമായാണ് ഇറക്കുമതി തീരുവ കുറച്ചത്. എട്ട് മാസം മുമ്പ് ഏര്‍പ്പെടുത്തിയ തീരുവയാണ് ഇപ്പോൾ കുറച്ചത്. ഇതോടെ സോയാബീന്‍, പാം ഓയിൽ, സൂര്യകാന്തി എണ്ണകളുടെ വിലയില്‍ കുറവുണ്ടാകും.
ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍നിന്ന് പാം ഓയിലും അര്‍ജന്റീന, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്ന് സോയാബീന്‍ ഓയിലും റഷ്യ, യുക്രെയിന് എന്നിവിടങ്ങളില്‍നിന്ന് സൂര്യകാന്തി എണ്ണയും കൂടുതലായി ഇറക്കുമതി ചെയ്യുന്നു. ഉപഭോഗത്തില്‍ പാം ഓയിലാണ് മുന്നില്‍. 37 ശതമാനം. സോയാബീന്‍ എണ്ണ(20%), സൂര്യകാന്തി എണ്ണ(13%) എന്നിവയാണ് മറ്റ് എണ്ണകളുടെ വിഹിതം.
രാജ്യത്തെ കർഷകരെ സംരക്ഷിക്കുന്നതിനും പ്രദേശിക കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണക്കുമേൽ തീരുവ ഉയര്‍ത്തിയത്. എന്നാൽ തീരുവ വര്‍ധനവിനെ തുടര്‍ന്ന് വന്‍കിട കമ്പനികള്‍ സണ്‍ഫ്ളവര്‍ ഓയിര്, പാം ഓയില്‍ എന്നിവയുടെ വില വര്‍ധിപ്പിക്കുകയായിരുന്നു. രാജ്യത്തൊട്ടാകെ ഭക്ഷ്യ എണ്ണ വില കുതിക്കാനിതിടയാക്കി. പാം ഓയിലിന്റെ വിലയില്‍ മാത്രം 43 ശതമാനം വര്‍ധനവുണ്ടായി.
വാണിജ്യാടിസ്ഥാനത്തില്‍ എഫ്എംസിജി കമ്പനികള്‍ വന്‍തോതില്‍ ഭക്ഷ്യ എണ്ണ ഉപയോഗിക്കുന്നുണ്ട്. നഗരവത്കരണം, ഭക്ഷ്യ വൈവിധ്യം, ഹോട്ടല്‍-കാറ്ററിങ് വ്യവസായം തുടങ്ങിയവും ഭക്ഷ്യ എണ്ണയുടെ ആവശ്യകത വര്‍ധിപ്പിച്ചു. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതും റെഡി ടു ഈറ്റ്, ബേക്കറി ഉത്പന്നങ്ങള്‍ എന്നിവയില്‍ ഉണ്ടായ വര്‍ധനവും ഡിമാന്റില്‍ കുതിപ്പുണ്ടാക്കി. തീരുവ കുറച്ചതോടെ ഒരു മാസത്തിനുള്ളില്‍ വിപണിയില്‍ ഭക്ഷ്യ എണ്ണ വിലയില്‍ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ബിസ്ക്കറ്റ് നിര്‍മാതാക്കളായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, നെസ്ലെ ഇന്ത്യ, ഐടിസി തുടങ്ങിയ ഉള്‍പ്പെടുന്ന എഫ്എംസിജി കമ്പനികളുടെ ലാഭത്തില്‍ വരും പാദങ്ങളില്‍ കാര്യമായ വര്‍ധന തന്നെ പ്രതീക്ഷിക്കാം. സോപ്പുകളിലും ഡിറ്റര്ജന്റുകളിലും ഉപയോഗിക്കുന്ന പാം ഓയില്‍ അനുബന്ധ ഉത്പന്നങ്ങള്‍ക്ക് വിലകുറഞ്ഞാല്‍ മറ്റ് കമ്പനികള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കും.