ലോകവ്യാപകമായ വിമാനക്ഷാമം ആശങ്കാജനകമെന്ന് രാജ്യാന്തര വ്യോമഗതാഗത സംഘടന (അയാട്ട). മികച്ച നിരക്കിൽ വിമാനങ്ങൾ ഓർഡർ ചെയ്തിട്ടുണ്ടെങ്കിലും, താത്കാലികമായി സർവീസ് ചെയ്തെടുക്കാനാകുന്ന വിമാനങ്ങളുടെ എണ്ണം ഗണ്യമായി കുറവാണ്. 17,000ലേറെ വിമാനങ്ങൾക്കാണ് ഓർഡർ നൽകി കാത്തിരിക്കുന്നത്. ഇതിൽ 5,400 എണ്ണം ഇതിനകം ലഭിക്കേണ്ടതായിരുന്നുവെന്ന് അയാട്ട വാർഷിക സമ്മേളനം ചൂണ്ടിക്കാട്ടി.
ലോകത്ത് നിലവിൽ പ്രവർത്തിക്കുന്ന മൊത്തം കമേഴ്സ്യൽ വിമാനങ്ങൾ ഏകദേശം 36,000 ഉള്ളതിൽ, 15% ശതമാനത്തോളം കുറവാണ് ഇപ്പോഴുള്ളത്. ഈ കുറവ് പരിഹരിക്കാൻ കുറഞ്ഞത് അഞ്ച് വർഷം വേണ്ടിവരും.
എയർബസ്, ബോയിങ് പോലുള്ള മുൻനിര നിർമ്മാതാക്കളിൽ നിന്നുള്ള ഡിസ്പാച്ച് വൈകുന്നതോടെ, പുതിയ വിമാനങ്ങൾ ലഭിക്കാൻ ശരാശരി 14 വർഷം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് അനുമാനം. ഉൽപാദനത്തിനുള്ള പരിമിതിയും വിതരണശൃംഖലയിലെ പ്രശ്നങ്ങളുമാണ് വിമാനനിർമാണക്കമ്പനികൾ നേരിടുന്ന വെല്ലുവിളി.
എയർലൈൻ കമ്പനികൾ പഴയ വിമാനങ്ങൾ ലീസിനെടുക്കുന്നതിനും വ്യാപകമായി സെക്കൻഡ് ഹാൻഡ് വിമാനങ്ങൾ വാങ്ങുന്നതിനും ചെലവ് വൻതോതിൽ വർധിച്ചു. നിലവിലുള്ള വിമാനങ്ങളുടെ ശരാശരി പ്രായം 13 വർഷമായിരുന്നത് 15 വർഷമായി ഉയർന്നു. വിമാനങ്ങൾക്ക് പ്രായമാകുന്നത് ഉയർന്ന മെയ്ന്റനൻസ് ചെലവുകൾക്കും ഇന്ധനച്ചെലവിനും കാരണമായി.
വിമാനക്ഷാമത്തെ മറികടക്കാനായി ചെറുവിമാനങ്ങൾ വേണ്ട റൂട്ടുകളിൽ വലിയ വിമാനം ഉപയോഗിക്കേണ്ടതായി വരുന്നു. എന്നാൽ,യാത്രക്കരില്ലാതെയാണ് വളരെ വലിയ ശതമാനം സീറ്റുകളും സർവീസ് നടത്തുന്നതെന്നും അയാട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഡെലിവറിക്കുള്ള താമസത്തിനു പുറമേ എൻജിനുമായി ബന്ധപ്പെട്ട പ്രശ്നവും സ്പെയർ പാർട്സുകളുടെ ലഭ്യതക്കുറവും മൂലം ഒട്ടേറെ വിമാനങ്ങൾ സർവീസിൽ നിന്ന് നീക്കേണ്ടി വന്നു. 10 വർഷത്തിൽ താഴെ മാത്രം പഴക്കമുള്ള 1,100ലേറെ വിമാനങ്ങൾ നിലവിൽ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ്.
ഗ്രൗണ്ട് ചെയ്ത വിമാനങ്ങളിൽ 69 ശതമാനവും പ്രാറ്റ് ആൻഡ് വിറ്റ്നി കമ്പനിയുടെ എൻജിനുകളാണുള്ളത്. പ്രാറ്റ് ആൻഡ് വിറ്റ്നി എൻജിൻ ഉപയോഗിച്ചിരുന്ന ഒട്ടേറെ വിമാനങ്ങളാണ് 2023ൽ സാങ്കേതികത്തകരാർ മൂലം ലോകമെങ്ങും ഗ്രൗണ്ട് ചെയ്തത്.