കേരളത്തിൽ രണ്ടാമത്തെ ഐടി യൂണിറ്റുമായി പ്രശസ്ത ഐടി കമ്പനിയായ എച്ച്സിഎൽ ടെക് (HCLTech). ഏഴ് മാസത്തിനിടെ കേരളത്തിൽ രണ്ട് യൂണിറ്റുകളാണ് കമ്പനി ആരംഭിച്ചത്. തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന കമ്പനിയുടെ പുതിയ ഡെലിവർ സെന്റർ ആർടിഫിഷ്യൽ ഇന്റലിജൻസ്, ഐടി മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്.
കേരളത്തിൽ, 2024 ഒക്ടോബറിലാണ് കൊച്ചി ഇൻഫോപാർക്കിൽ എച്ച്സിഎൽ ടെകിൻ്റെ ആദ്യ യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്. തൊട്ടടുത്ത ദിവസം തന്നെ പുതിയ യൂണിറ്റ് കേരളത്തിൽ ആരംഭിക്കാൻ കമ്പനി ആഗ്രഹിക്കുന്നുവെന്ന് അധികൃതർ അറിയിച്ചിരുന്നു. നിലവിൽ, 60 ലധികം രാജ്യങ്ങളിലായി 2 ലക്ഷത്തിലധികം ജീവനക്കാരുള്ള കമ്പനിയാണ് എച്ച്സിഎൽ ടെക്.
കൊച്ചിയിലെ യൂണിറ്റിൽനിന്ന് ലോകത്തിലെ പ്രമുഖ ഓട്ടോമൊബൈൽ, സെമികണ്ടക്ടർ, മെഡിക്കൽ മേഖലയിലെ കമ്പനികൾക്കും മറ്റ് വ്യവസായങ്ങൾക്കും ആവശ്യമായ എൻജിനീയറിങ് സഹായങ്ങളും ആർ ആൻഡ് ഡി സഹായങ്ങളുമാണ് എച്ച്സിഎൽ ടെക് ലഭ്യമാക്കുന്നത്. ടെക്നോപാർക്കിലെ പുതിയ സെന്റർ ഐടി സർവീസ് മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എഐ, ജെൻഎഐ, ക്ലൗഡ്, വളർന്നു വരുന്ന സാങ്കേതികവിദ്യകൾ എന്നിവയിലെ പ്രൊജക്ടുകളാകും കമ്പനി ലോകത്തിലെ പ്രമുഖ ഉപയോക്താക്കൾക്ക് വിതരണം ചെയ്യുക.
സംസ്ഥാനത്തെ ഉയർന്ന മാനവവിഭവശേഷിയും പാരിസ്ഥിതിക-നിക്ഷേപ സൗഹൃദവുമാണ് എച്ച്സിഎൽ ടെക്കിനെ വീണ്ടും കേരളത്തിലേക്ക് ആകർഷിച്ചതെന്ന് വ്യവസായ മന്ത്രി പി. രാജീവ് ഫേസ്ബുക്കിൽ കുറിച്ചു. രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറുകയാണെന്നും, ഇന്റസ്ട്രിയൽ റവല്യൂഷൻ 4.0 വ്യവസായങ്ങളെ തുടർച്ചയായി ആകർഷിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
.