മൂന്ന് ദിവസത്തെ അവധിക്ക് ശേഷം ചൊവ്വാഴ്ച വിപണി വ്യാപാരം ആരംഭിക്കുകയാണ്. സബ്സ്ക്രിപ്ഷൻ കഴിഞ്ഞ പുതിയ കമ്പനികളുടെ ലിസ്റ്റിംഗിനാണ് വിപണി കാത്തിരിക്കുന്നത്. എങ്കിലും പുതിയ ഓഹരികളെ തേടുന്നവർക്ക് ലാർജ്കാപിൽ അവസരമുണ്ടെന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്. ഒഎൻജിസി, മഹാനഗർ ഗ്യാസ് അടക്കം 5 ഓഹരികളുടെ ലക്ഷ്യവില കഴിഞ്ഞ ഒരു മാസത്തിനിടെ അപ്ഗ്രേഡ് ചെയ്തതായി ട്രെൻഡ്ലൈൻ ഡാറ്റ സൂചിപ്പിക്കുന്നു. ഈ ഓഹരികളുടെ വിശദാംശമിതാ.
മാരുതി സുസൂക്കി
ഇന്ത്യയിലെ മുൻനിര പാസഞ്ചർ കാർ നിർമാതാക്കളാണ് മാരുതി സുസൂക്കി ഇന്ത്യ ലിമിറ്റഡ്. വാഹനങ്ങൾക്കൊപ്പം ഓട്ടോമൊബൈൽ ഘടകങ്ങൾ, സ്പെയർ പാർട്സ് എന്നിവയുടെ നിർമാണം, വിൽപ്പന എന്നിവയിലും കമ്പനി പ്രവർത്തിക്കുന്നു. പ്രീ ഓൺഡ് കാറുകളുടെ വിൽപ്പന, ഫ്ലീറ്റ് മാനേജ്മെന്റ്, കാർ ഫിനാൻസിംഗ്, മാരുതി ഡ്രൈവിംഗ് സ്കൂൾ, ഓട്ടോകാർഡ് എന്നിവയും കമ്പനിയുടെ ഭാഗമായുണ്ട്.
ഒൻപത് ബ്രോക്കർമാരാണ് മാരുതി സുസുക്കിയുടെ ലക്ഷ്യവില ഉയർത്തിയത്. ബ്രോക്കർമാർ ഓഹരിക്ക് നൽകുന്ന ശരാശരി ലക്ഷ്യവില 12,006 രൂപയാണ്. നിലവിൽ 10,515 രൂപയിൽ ലഭ്യമായ ഓഹരിക്ക് ഏകദേശം 14 ശതമാനം ഉയർച്ച സാധ്യത കാണിക്കുന്നുണ്ട്. 3,17,657 കോടി രൂപയാണ് മാരുതി സുസുക്കിയുടെ വിപണി മൂല്യം.
ശ്രീ സിമന്റ്
ഉത്തരേന്ത്യയിലെ പ്രമുഖ സിമന്റ് നിർമാതാക്കളാണ് ശ്രീ സിമന്റ് ലിമിറ്റഡ്. സിമന്റ് ബിസിനസ് കൂടാതെ പവർ ബിസിനസിലും കമ്പനി പ്രവർത്തിക്കുന്നു. 50. 4 മെട്രിക് ടണ്ണാണ് സിമന്റ് നിർമാണത്തിൽ കമ്പനിയുടെ വാർഷിക ഉത്പാദന ശേഷി. 771 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയും കമ്പനിക്കുണ്ട്. ശ്രീ അൾട്രാ ജംഗ് രോധക് സിമന്റ്, ബാംഗൂർ സിമന്റ്, ടഫ് സിമന്റോ എന്നി ബ്രാൻഡുകളിലാണ് കമ്പനി സിമന്റുകൾ വിപണിയിലെത്തിക്കുന്നത്.
അഞ്ച് ബ്രോക്കർമാരാണ് ശ്രീ സിമന്റ്സിന്റെ ലക്ഷ്യവില ഉയർത്തിയത്. ബ്രോക്കർമാർനൽകുന്ന ശരാശരി ലക്ഷ്യവില 26,257 രൂപയാണ്. 25,645 രൂപയിൽ ലഭ്യമായ ഓഹരി വിപണി വിലയേക്കാൾ 3 ശതമാനം ഉയർച്ച സാധ്യത കാണിക്കുന്നുണ്ട്. 92,530 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
ലാർസൻ ആൻഡ് ട്രൂബോ
എൽ ആൻഡ് ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡ് എൻജിനീയറിംഗ്, കൺസ്ട്രക്ഷൻ, സാങ്കേതികവിദ്യ, ഇൻഫർമേഷൻ ടെക്നോളജി, ഫിനാൻഷ്യൽ സേവനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ മൾട്ടിനാഷണൽ കമ്പനിയാണ്. കമ്പനിയുടെ വിപണി മൂല്യം 4,29,343 കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് നിർമ്മാണ കമ്പനികളിലൊന്നായ എൽ ആൻഡ് ടിയുടെ ആസ്ഥാനം മുംബൈയാണ്.
അഞ്ച് ബ്രോക്കർമാരാണ് എൽ ആൻഡ് ടി യുടെ ലക്ഷ്യവില ഉയർത്തിയത്. 3,122 രൂപയാണ്നി ബ്രോക്കർമാർ ഓഹരിക്ക് നൽകുന്ന ശരാശരി ലക്ഷ്യവില. 3,054 രൂപയിൽ ലഭ്യമായ ഓഹരിക്ക് ഏകദേശം 2 ശതമാനം ഉയർച്ച സാധ്യതയാണിത് കാണിക്കുന്നത്.
ഒഎൻജിസി
ഇന്ത്യയിൽ പൊതുമേഖലയിലുള്ള പെട്രോളിയം കമ്പനികളിലൊന്നാണ് ഓയിൽ ആന്റ് നാച്ചുറൽ ഗാസ് കോർപ്പറേഷൻ. ഇന്ത്യയിലെ അസംകൃത എണ്ണ ഉൽപാദനത്തിന്റെ 77 ശതമാനവും പ്രകൃതി വാതക ഉല്പാദനത്തിന്റെ 81 ശതമാനവും ഒഎൻജിസിയുടെ സംഭവാനയാണ്. 2,42,355 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
നാല് ബ്രോക്കർമാരാണ് ഒഎൻജിസിയിൽ ലക്ഷ്യവില ഉയർത്തിയത്. ബ്രോക്കർമാർ ഓഹരിക്കുന്ന നൽകുന്ന ശരാശരി ലക്ഷ്യവില 209 രൂപയായി ഉയർന്നിട്ടുണ്ട്. ഇത് നിലവിലെ വിപണി വിലയായ 180 രൂപയേക്കാൾ ഏകദേശം 11 ശതമാനം ഉയർച്ച സാധ്യത കാണിക്കുന്നു.
മഹാനഗർ ഗ്യാസ്
രാജ്യത്തെ മുൻനിര പ്രകൃതി വാതക വിതരണ കമ്പനിയാണ് മഹാനഗർ ഗ്യാസ്. ഗെയിലും മഹാരാഷ്ട്ര സർക്കാറും തമ്മിലുള്ള സംയുക്ത സംരംഭമാണിത്. മുംബൈ, താനെ, നവി മുംബൈ അടക്കം മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളിൽ മഹാനഗർ ഗ്യാസ് സിഎൻജി വിതരണം നടത്തന്നുണ്ട്. നാല് ബ്രോക്കർമാർ മഹാനഗർ ഗ്യാസിന്റെ ലക്ഷ്യവില ഉയർത്തിയിട്ടുണ്ട്. 1,305 രൂപയായാണ് ബ്രോക്കർമാർ നൽകുന്ന ശരാശരി ലക്ഷ്യവില. 1,024 രൂപയിൽ ലഭ്യമായ ഓഹരിക്ക് 27 ശതമാനം ഉയർച്ച സാധ്യതയാണിത് കാണിക്കുന്നത്.