കേരളത്തിൽ മുട്ടക്ഷാമം രൂക്ഷമാകുന്നു. സ്കൂളുകളും അങ്കണവാടികളും വീണ്ടും പ്രവർത്തനമാരംഭിച്ച സാഹചര്യത്തിൽ മുട്ടവില കുതിക്കുകയാണ്. അഞ്ച് മുതൽ ആറര രൂപവരെയായിരുന്ന ഒരു മുട്ടയ്ക്ക് ഇപ്പോൾ ഏഴുരൂപയ്ക്കു മുകളിലാണ് വില. നാടൻ കോഴിമുട്ടയ്ക്ക് എട്ടോ ഒൻപതോ രൂപയും താറാമുട്ടയ്ക്ക് 12 രൂപയും വിലയായി.
തുടര്‍ച്ചയായി പക്ഷിപ്പനി പടരുന്നത് കേരളത്തിലെ കോഴിക്കൃഷിയില്‍ വലിയ കുറവുവരുത്തി.വീടുകളിലെ കോഴിവളര്‍ത്തലും ഗണ്യമായി കുറഞ്ഞു. പല ഫാമുകളും ഉത്പാദനം കുറച്ചു.ഇതാണ്, വില വർധനയ്ക്ക് പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു.
കേരളത്തിലേക്ക് എത്തുന്ന മുട്ടയുടെ സിംഹഭാഗവും തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നാണ്. മഹാരാഷ്ട്രയില്‍ നിന്നും മുട്ട വരുന്നുണ്ടെങ്കിലും തമിഴ്നാടുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്. എന്നാൽ ഈ സംസ്ഥാനങ്ങളിലും ഉത്പാദനം കുറയുകയും ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർധിക്കുകയും ചെയ്തതോടെ മുട്ടയുടെ ലഭ്യത കുറഞ്ഞു. കഴിഞ്ഞ വർഷത്തെ കടുത്ത ചൂട്, മുട്ട ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചെങ്കിലും ഇത്തവണ കാലാവസ്ഥ അനുകൂലമായിരുന്നു. എന്നിരുന്നാലും വിദേശ ഡിമാന്റ് ഉയർന്നതോടെ രാജ്യത്തിനകത്തെ വിതരണത്തെ ബാധിച്ചു.
നാമക്കലിൽ മാത്രം പ്രതിദിനം നാല് കോടി മുട്ട ഉത്പാദിപ്പിക്കുന്നു. അതിൽ 70 ലക്ഷം വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നു. വിദേശ വിപണിയിൽ കൂടുതൽ വില ലഭിക്കുന്നതിനാൽ കച്ചവടക്കാർക്ക് അതിനോടാണ് കൂടുതൽ താല്പര്യം.
ഇന്ത്യയിൽ നിന്ന് സൗദി അറേബ്യ, ഇറാൻ, ഒമാൻ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മുട്ട കയറ്റുമതി ചെയ്യുന്നത്. ഇവിടത്തെ ഉത്പാദനം കൂടിയതോടെ ഇന്ത്യൻ വിപണിയിൽ കടുത്തക്ഷാമമാണ് നേരിടുന്നത്. അതേസമയം, കേരളത്തിലെ ഹോട്ടലുകളും തട്ടുകടകളും വിലക്കയറ്റത്തിൽ വലയുകയാണ്. ഓംലെറ്റ് മുതൽ മുട്ടറോസ്റ്റ് വരെ വില കൂട്ടാതെ തുടരാൻ കഴിയാതെ വ്യാപാരികൾ ആശങ്കയിലാണ്.