മിൽമയുടെ രൂപകൽപ്പനയും പേരും അനുകരിച്ചെന്നാരോപിച്ച് സ്വകാര്യ ഡയറി സ്ഥാപനമായ ‘മിൽന’ക്കെതിരെ നടപടി. മിൽമയുടെ പാക്കേജിംഗും ഡിസൈനും ഉപയോഗിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്ന പരാതിയിലാണ് തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്സ്യൽ കോടതി നടപടിയെടുത്തത്.
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ആയ മിൽമ നൽകിയ കേസിലാണ് മിൽനക്ക് ഒരു കോടി രൂപ പിഴയും അതിന്റെ ആറുശതമാനം പലിശയും അടയ്ക്കാനും കോടതി നിർദേശം നൽകി. കൂടാതെ കോടതി ചെലവായ 8,18,410 കൂടി അടക്കണമെന്നും വിധി. മിൽമയുടെ ഡിസൈനോ പാക്കിംഗോ ഉപയോഗിച്ച് പാൽ ഉൽപന്നങ്ങൾ വിൽക്കാനും പരസ്യം ചെയ്യാനും മിൽനയെ ഇനി അനുവദിക്കില്ലെന്നും കോടതി വിധിയിൽ പറയുന്നു. ഇത്തരം അനധികൃത വിപണന പ്രവർത്തനങ്ങൾ ഉപഭോക്താക്കളുടെ താൽപര്യങ്ങളെയും വിശ്വാസത്തെയും ബാധിക്കുമെന്ന് കോടതി വിലയിരുത്തി.
വിധിയോട് പ്രതികരിച്ച മിൽമ ചെയർമാൻ കെ എസ് മണി കോടതി തീരുമാനത്തിൽ സന്തോഷം രേഖപ്പെടുത്തി. ഉപഭോക്താക്കളെ കബളിപ്പിക്കുന്നതും മിൽമയുടെ ബ്രാൻഡ് ഇമേജിനെ അപകീർത്തിപ്പെടുത്തുന്നതുമായ നടപടികൾക്കെതിരെ തുടർന്നും കർശനമായ നിയമനടപടികൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലെ ക്ഷീരകർഷകരുടെ പ്രസ്ഥാനമായ മിൽമ വിതരണം ചെയ്യുന്ന ഗുണമേന്മയുള്ള ഉൽപന്നങ്ങളാണ് ഉപഭോക്താക്കൾ സ്വീകരിക്കേണ്ടതെന്നും ചെയർമാൻ വ്യക്തമാക്കി.
ന്യായവ്യവസ്ഥയുടെ പിന്തുണയും കർശന നടപടികളുമായാണ് മിൽമയുടെ ബ്രാൻഡ് സംരക്ഷിക്കപ്പെടുന്നത്. വ്യാജ സംരംഭങ്ങൾ ഉപഭോക്തൃ മനസാക്ഷിയേയും വ്യവസായത്തിന്റെ നൈതിക അടിത്തറയേയും ഭീഷണിപ്പെടുത്തുന്നുവെന്ന മുന്നറിയിപ്പും ഈ കേസിന്റെ വിധിയിലൂടെ വ്യക്തമാക്കപ്പെടുന്നു.