ദക്ഷിണ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സംഘടനയായ ആസിയാൻ (ASEAN) അംഗങ്ങളായ 10 രാജ്യങ്ങൾക്കും നിരീക്ഷകരാജ്യമായ തിമോർ-ലെസ്റ്റെനിനും ‘ആസിയാൻ വിസ’ എന്ന പേരിൽ പുതിയ വീസാ പദ്ധതി പ്രഖ്യാപിച്ച് ചൈന. ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധവും ചൈനീസ് വിദ്യാര്‍ത്ഥികളോടുള്ള ട്രംപിന്റെ എതിര്‍പ്പും ശക്തമായി നിലനില്‍ക്കുന്നതിനിടെ യാണ് ചൈനയുടെ പുതിയ വിസാ പ്രഖ്യാപനം.
മേഖലാതല സഹകരണം ശക്തിപ്പെടുത്താനും, രാജ്യാന്തര യാത്രകൾ കൂടുതൽ സുഗമമാക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ശിൻഹുവ റിപ്പോര്‍ട്ട് ചെയ്തു. ആസിയാന്‍ കൂട്ടായ്മയില്‍ അംഗങ്ങളായ 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അഞ്ച് വര്‍ഷത്തെ പ്രത്യേക വിസയാണ് ചൈന അവതരിപ്പിച്ചിരിക്കുന്നത്. ബിസിനസുകാരെയും കുടുംബാഗങ്ങളെയുമാണ് പ്രധാനമായും ചൈന ലക്ഷ്യമിടുന്നത്.
അടുത്തിടെ ബ്രസീല്‍, അര്‍ജന്റീന, ചിലി, പെറു, ഉറുഗ്വേ എന്നീ ലാറ്റിന്‍ അമേരിക്ക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ചൈന വിസ ഫ്രീ എന്‍ട്രി സൗകര്യം പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം ഗൾഫ് സഹകരണ കൗൺസിലിലെ എല്ലാ രാജ്യങ്ങൾക്കും ചൈന വിസാ-രഹിത പ്രവേശനം അനുവദിച്ചിരുന്നു.
വിദേശ നിക്ഷേപമുള്ള 18,000 പുതിയ സംരംഭങ്ങളും ഈ വര്‍ഷം ഏപ്രില്‍ വരെ ചൈനയില്‍ തുടങ്ങിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 12.1 ശതമാനം വര്‍ധനയുണ്ടായതായും ചൈനീസ് വിദേശകാര്യ വകുപ്പ് അറിയിച്ചു.