മാസങ്ങളായി നീണ്ടുനിന്ന വിവാദം. ഒടുവിൽ അനില്‍ അംബാനിയുടെ മുംബൈ മെട്രോ വണ്‍ പ്രൈവറ്റ് ലിമിറ്റഡിന് (MMOPL) അനുകൂല വിധി. ബോംബെ ഹൈക്കോടതി വിധിയനുസരിച്ച്, പൊതുമേഖലാ സ്ഥാപനമായ മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡെവലപ്മെന്റ് അതോറിറ്റി, (MMRDA) മുംബൈ മെട്രോ വണ്‍ പ്രൈവറ്റ് ലിമിറ്റഡിന് 1,169 കോടി ആര്ബിട്രേഷന് അവാര്‍ഡായി നൽകാൻ ഉത്തരവായി. ഈ തുക ജൂലൈ 15ന് മുമ്പ് കോടതിയുടെ രജിസ്ട്രിയില്‍ നിക്ഷേപിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
2023 ഓഗസ്റ്റിൽ മൂന്നംഗ ആര്ബിട്രേഷന് ട്രൈബ്യൂണല്‍ എംഎംഒപിഎല്ലിന് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. അന്ന് 992 കോടി നല്‍കണമെന്നാണ് നിർദേശം ഉണ്ടായിരുന്നത്. തുടങ്ങുമ്പോള്‍ പദ്ധതി ബജറ്റ് 2,356 കോടി ആയിരുന്നെങ്കിലും, ഇത് പിന്നീട് 4,321 കോടി ആയി ഉയര്‍ന്നിരുന്നു. എംഎംആര്‍ഡിഎ 1996ലെ ആര്ബിട്രേഷന് ആക്ട് പ്രകാരം ഇത് ചോദ്യം ചെയ്തതോടെയാണ് ഹൈക്കോടതിയിലെ നിയമ പോരാട്ടം ആരംഭിച്ചത്. ഇപ്പോള്‍ ഹൈക്കോടതി വ്യക്തമായ നിലപാടാണ് എംഎംഒപിഎല്ലിനായി സ്വീകരിച്ചിരിക്കുന്നത്.
എംഎംഒപിഎല്‍ റിലയന്‍സ് ഇന്‍ഫ്രയുടെയും, എംഎംആര്ഡിഎയുടെയും സംയുക്ത കമ്പനിയാണ്. അതിൽ 74 ശതമാനവും അനില്‍ അംബാനിയുടെ പങ്കാളിത്തത്തിലാണ്. 2007ല്‍, റിലയന്‍സ് ഇന്‍ഫ്രയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം മുംബൈയില്‍ മാസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം സ്ഥാപിക്കാൻ കരാർ നേടിയിരുന്നു. ഇത് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് നടപ്പിലായത്.
പദ്ധതിക്ക് ധനസഹായം ലഭിച്ച കണ്‍സോര്‍ഷ്യത്തില്‍ കാനറ ബാങ്കിന്റെ നേതൃത്വത്തിലായുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഐഡിബിഐ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കമ്പനി എന്നിവയുണ്ടായിരുന്നു. 2024 നവംബറിൽ ഈ വായ്പകള്‍ 1,226 കോടിക്ക് വില്ക്കാന് പദ്ധതിയുണ്ടായിരുന്നു. അതിനിടെ, ഒക്ടോബറില്‍ NARCL കമ്പനിയുടെ 1,063 കോടി ബിഡ് സമര്‍പ്പിക്കപ്പെട്ടു. അതേസമയം, എസ്ബിഐയും ഐഡിബിഐയും എംഎംഒപിഎല്ലിനെതിരെ പാപ്പരത്ത നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്തു.
കോടതിവിധിയുടെ പശ്ചാത്തലത്തില്‍ റിലയന്‍സ് ഇന്‍ഫ്ര ഓഹരികള്‍ ഇന്നലെ 3.53 ശതമാനത്തോളം ഉയർന്നിരുന്നു. ഒടുവില്‍ ഓഹരി വില 401ലാണ് വ്യാപാരം അവസാനിപ്പിച്ചത്. കമ്പനിയുടെ വിശദീകരണമനുസരിച്ച്, ലഭിച്ച തുക വായ്പ തിരിച്ചടയ്ക്കുന്നതിനായിരിക്കും വിനിയോഗിക്കുക. ഓഹരിയിൽ അടുത്തിടെ മികച്ച നേട്ടം കൈവരിക്കാൻ അനിൽ അമ്പാനിയുടെ കമ്പനികൾക്കായി. കഴിഞ്ഞ 5 ദിവസത്തില്‍ 16 ശതമാനത്തോളം റിട്ടേണ്‍ ഓഹരി നല്കി. കഴിഞ്ഞ വർഷത്തിൽ 112 ശതമാനം വരെയാണ് റിട്ടേൺ. അവസാനം, എംഎംഒപിഎല്‍ നിര്‍ണായകമായ തിരിച്ചടിയെ മറികടന്ന് ശക്തമായ നിയമവിജയം കൈവരിച്ചിരിക്കുകയാണ്.